വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവ്
തൊടുപുഴ: കേരളത്തില്‍ കാലവര്‍ഷം ശരാശരിക്ക് മുകളില്‍ പെയ്തിറങ്ങുമ്പോഴും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവ്. ജൂണ്‍ ഒന്നോടെ പദ്ധതി മേഖലകളില്‍ കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കെ.എസ്.ഇ.ബി യുടെ പ്രതീക്ഷ. എന്നാല്‍, ജൂണ്‍ മാസം ഒരാഴ്ച പിന്നിട്ടിട്ടും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാകുന്നില്ല. അതേസമയം, സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷം 70 ശതമാനത്തിലധികം ലഭിച്ചെന്നാണ് വിലയിരുത്തല്‍. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ 153.52 മി.മീ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇക്കാലയളവില്‍ ശരാശരി ലഭിക്കേണ്ട മഴ 132 മി.മീറ്ററാണ്. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണുള്ളത്. 500.113 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇതുകൊണ്ട് ഉല്‍പ്പാദിപ്പിക്കാം. കഴിഞ്ഞവര്‍ഷം ഇതേദിവസത്തേക്കാള്‍ 346.53 ദശലക്ഷം യൂനിറ്റ് കുറവാണിത്. 800 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ജൂണില്‍ ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. 8.222 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ ഒഴുകിയെത്തിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലെ കുറഞ്ഞ നിലയിലാണ്. 2300.1 അടിയാണ് ഇന്നലെ വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 10.72 ശതമാനമാണ്. 2013 മെയ് 23 ലെ 2300.28 അടിയാണ് ഇതിന് മുന്‍പുണ്ടായ കുറഞ്ഞ ജലനിരപ്പ്. 2003 ജൂണ്‍ 16 ഇടുക്കിയിലെ ജലനിരപ്പ് 2290.86 അടിയിലെത്തിയിരുന്നു. 2280 അടിയാണ് ഡെഡ് സ്റ്റോറേജ്. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ പ്രതീക്ഷയ്‌ക്കൊത്ത് ശക്തിപ്പെടുന്നില്ല. 20.6 മി.മീ മഴ ഇന്നലെ രേഖപ്പെടുത്തി. 2.178 ദശലക്ഷത്തിനുള്ള വെള്ളം ഒഴുകിയെത്തി. മൂലമറ്റം പവര്‍ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 15ഓടെ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 2.67 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നേര്യമംഗലത്താണ്, 27 മി.മീ. മറ്റ് പദ്ധതിപ്രദേശങ്ങളില്‍ പമ്പ 3 മി.മീ, നേര്യമംഗലം 27, ഷോളയാര്‍ 7, കക്കി 7, ഇടമലയാര്‍ 19.6, മാട്ടുപ്പെട്ടി 14, തര്യോട് 1, പൊന്മുടി 10 മി.മീ എന്നിങ്ങനെ മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."