പടുത്തുയര്‍ത്താം ബഹുസ്വര ഇന്ത്യയെ
സത്താര്‍ പന്തലൂര്‍
ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ ഭാവിയെ കുറിച്ച് ലോകം മുഴുവന്‍ ആശങ്കയോടെ ചര്‍ച്ച ചെയ്യുന്ന സമയമാണിത്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ രാജ്യത്തിന്റെ നടുവൊടിക്കുന്ന വെല്ലുവിളികള്‍ മുന്നിലുള്ളപ്പോള്‍ കപട ദേശീയതയുടേയും മറ്റു ചില വൈകാരിക രാഷ്ട്രീയ അജണ്ടകളിലുമാണ് ഭരണാധികാരികള്‍ക്ക് താത്പര്യം. അതിനെ ജനകീയമായി നേരിടാന്‍ സാധ്യമാവാത്ത വിധം നിസ്സഹായതയിലാണ് മറുപക്ഷം. അതിലേക്ക് അവരെ എത്തിക്കും വിധത്തിലുള്ള കുരുക്കുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഈ അവസ്ഥയിലെത്തി നില്‍ക്കുന്നത്. നമ്മുടെ പാരമ്പര്യം തിരിച്ച് പിടിക്കാന്‍ പുതുതലമുറയെയാണ് നാം പര്യാപ്തമാക്കേണ്ടത്. ഉയര്‍ന്ന രാഷ്ട്രീയ ബോധവും വിദ്യാഭ്യാസവും ഇതിനാവശ്യമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ വളര്‍ന്നുവന്ന വഴി പാരമ്പര്യ ഇസ്‌ലാമിന്റെ പാതയിലൂടെയാണ്. ബഹുസ്വരതയെ ഉള്‍ക്കൊണ്ട് തന്നെ സ്വന്തം വിശ്വാസവും സംസ്‌കാരവും മുറുകെ പിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് തന്നെ സമുദായം മുന്നോട്ട് നീങ്ങി. പാരമ്പര്യ ഇസ്‌ലാമിന്റെ വഴിയെ വ്യവസ്ഥാപിതമായി നിലനിര്‍ത്തുകയും അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ടുള്ള വിദ്യാഭ്യാസ രാഷ്ട്രീയ ശാക്തീകരണം കേരളത്തില്‍ ഒരു പരിധി വരെ വിജയം കണ്ടു. ഈ വഴി സ്വീകരിച്ച ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെങ്കിലും ഈ നേട്ടം കൊയ്‌തെടുക്കാനായി. തുടര്‍ച്ച നഷ്ടപ്പെടുകയും അത് സ്വീകരിക്കാന്‍ പാകപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ നേതൃപരമായ ബാധ്യത നിര്‍വഹിക്കപ്പെടാത്തതും വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്ന ഒരു നേതൃത്വമുണ്ടെങ്കില്‍ അവരുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കാന്‍ സമൂഹമുണ്ട്. പരസ്പര സഹകരണത്തിന്റെയും സംഘാടക മനോഭാവത്തിന്റെയും ഗുണഫലങ്ങളെ കുറിച്ച് നിരന്തരമായ സാമൂഹിക ബോധവത്കരണം അതിനാവശ്യമാണ്. ധാര്‍മികതയിലൂന്നി ജീവിക്കാന്‍ പഠിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന്റെ വഴികള്‍ തുറന്നുകൊടുക്കുകയും വേണം. പരസ്പര സംശയവും വിദ്വേഷവും വളര്‍ത്താന്‍ കാലങ്ങളായി നടന്നുവരുന്ന ശ്രമങ്ങളെ സൗഹൃദപൂര്‍ണമായ ഇടപെടലുകളിലൂടെ മറികടക്കാന്‍ സാധിക്കും. ഒരു പ്രദേശത്ത് അസമാധാനം സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ നഷ്ടം ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായിരിക്കില്ലല്ലോ.
ഇന്ത്യയില്‍ ഇസ്‌ലാം അതിവേഗം പ്രചരിച്ചത് സൂഫികളിലൂടെയാണ്. അഥവാ മറ്റുള്ളവര്‍ക്കുള്ള ജീവിതാനുഭവങ്ങളാണ് മുസ്‌ലിംകളെ അടുത്തറിയാന്‍ അവര്‍ക്ക് സാധിച്ചത്. ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിയുന്ന സത്യങ്ങളെ കുപ്രചാരണങ്ങളിലൂടെ മൂടിവെക്കാന്‍ കഴിയില്ല. ജീവിക്കുന്ന ഇസ്‌ലാമിനെയും മുസ്‌ലിംകളേയും മറ്റുള്ളവര്‍ക്ക് ജീവിതാനുഭവമാക്കണം. വര്‍ഗീയ തീവ്രവാദ ചിന്തകളെ അകറ്റി നിര്‍ത്തിയും അത്തരം ചിന്താഗതികളുമായി യാതൊരു വിട്ട് വീഴ്ചയും ചെയ്യാതെ ബഹുജനപക്ഷത്ത് നിന്ന് ഈ നന്മകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കാന്‍ കഴിയും.
വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ ചില പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടക്കേണ്ടതുണ്ട്. പ്രാഥമിക കലാലയങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ എത്തുന്ന ഒരു പ്രായോഗിക പദ്ധതിയാണിതിന് വേണ്ടത്. സ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കുകയെന്ന സാഹസത്തിനപ്പുറത്ത് നിലവിലുള്ള പൊതുവിദ്യാഭ്യാസ മേഖലയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ശാക്തീകരണ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും ഇതില്‍ പങ്കാളികളും ധാരണയുള്ളവരുമായിരിക്കണം. ഇത്തരം ഒരു രീതിയുടെ പ്രായോഗിക പഠനത്തിന് ബംഗളൂരുവിനടുത്ത് ഹുംഗനൂര്‍ ഒരു ഗവണ്‍മെന്റ് സ്‌കൂള്‍ ഏറ്റെടുത്ത് കഴിഞ്ഞ ഒരു വര്‍ഷം ഫോര്‍വേഡ് ഫൗണ്ടേഷന്‍ പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അതോടൊപ്പം വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കിയ പരിശീലന പരിപാടികള്‍ ആ മേഖലയിലും നമുക്ക് ഏറെ ചെയ്യാനുണ്ടെന്ന ബാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടിയത്. അബൂദബി എസ്. കെ. എസ്.എസ്.എഫിന്റെ സഹകരണത്തോടെ ബംഗളൂരു ചാപ്റ്റര്‍ കമ്മിറ്റി മുഖേനയാണ് ഈ പദ്ധതി പുരോഗമിക്കുന്നത്.
ഏറ്റവും താഴെ തട്ടില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വഴിയിലെ മറ്റൊരു പരീക്ഷണ പദ്ധതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ നടന്നുവരുന്നത്. നിത്യജീവിതത്തിനുള്ള ധനസഹായത്തിന് പുറമെ ക്യാംപിലെ കുട്ടികളെ പഠിപ്പിക്കാനുള്ള നിരന്തര ശ്രമമാണ് അവിടെ നടക്കുന്നത്. പഠനോപകരണങ്ങള്‍ മുതല്‍ സ്‌കൂളില്‍ പോവാനുള്ള വാഹനമുള്‍പ്പെടെ തയ്യാറാക്കി നല്‍കിയപ്പോള്‍ അവിടെയും പ്രതീക്ഷയുടെ കിരണങ്ങളാണ് നമുക്ക് കാണാനാവുന്നത്. ബഹ്‌റൈനില്‍ നടന്ന സംഘടനയുടെ രണ്ടാമത് ഗ്ലോബല്‍ മീറ്റില്‍ ആവിഷ്‌കരിച്ച ഈ പദ്ധതി ഹൈദരാബാദ് ചാപ്റ്റര്‍ കമ്മിറ്റി മുഖേന പുരോഗമിക്കുകയാണ്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ യു.എന്‍.എച്ച്.സി.ആര്‍ അംഗീകാരം രണ്ട് തവണ ലഭിച്ചു.
ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് നേരത്തെ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മഫാസ് സിവില്‍ സര്‍വിസ് പരിശീലനം വിപുലപ്പെടുത്തല്‍, ഇപ്പോള്‍ ബംഗളൂരു, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന് വരുന്ന സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ നെറ്റ്‌വര്‍ക്ക് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ കേന്ദ്രമാക്കി സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ തോട്ട്‌സ് തുടങ്ങി നടന്നുവരുന്ന പദ്ധതികളെ ദേശീയതലത്തല്‍ വ്യാപിപ്പിക്കാനാണ് നാം ശ്രമിക്കന്നത്.
സംഘടനയോടൊപ്പം ഫോര്‍വേഡ് ഫൗണ്ടേഷന്‍ കൂടി ചേര്‍ന്ന് വിപുലമായ ദേശീയതല വിദ്യാഭ്യാസ പദ്ധതി ന്യൂഡല്‍ഹിയില്‍ ചേരുന്ന ദേശീയ സംഗമത്തില്‍ രൂപം കൊള്ളും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന മാതൃക പ്രസ്ഥാനം മലയാളി മുസ്‌ലിംകള്‍ക്കും പൊതുസമൂഹത്തിനും നല്‍കിയ അനുഗൃഹീത ധാര്‍മികാന്തരീക്ഷം ദേശവ്യാപകമാക്കുകയെന്ന സ്വപ്നമാണ് ഇന്‍ക്ലൂസിവ് ഇന്ത്യയുടെ ചിന്തകള്‍.
(എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."