അറവ് നിയന്ത്രണം: മേഘാലയയില്‍ 5,000 പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടു
ന്യൂഡല്‍ഹി: കന്നുകാലി അറവ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നുകൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞദിവസം യുവമോര്‍ച്ചാ ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ 5,000 പ്രവര്‍ത്തകരാണ് ബി.ജെ.പി വിട്ടത്.
മാട്ടിറച്ചി കഴിക്കുന്നവരുടെ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പ്രഖ്യാപിച്ചു. തങ്ങളെ വിശ്വസിച്ച് പാര്‍ട്ടിക്കൊപ്പം നിന്ന ജനങ്ങളുടെ വികാരം മാനിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വില്‍വെര്‍ പറഞ്ഞു. രാഷ്ട്രീയം മതവുമായി കൂട്ടിക്കെട്ടാനാവില്ല. എന്നാല്‍ ബി.ജെ.പി ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ഭൂമിയും അവകാശങ്ങളും ഞങ്ങള്‍ സംരക്ഷിക്കുക തന്നെചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ രാജിവച്ചതോടെ അഞ്ച് മണ്ഡലം കമ്മിറ്റികള്‍ ഇല്ലാതായി. വില്‍വെര്‍ ഗ്രഹാം തന്റെ രാജിക്കത്ത് സംസ്ഥാന യുവമോര്‍ച്ചാ അധ്യക്ഷന്‍ എഗന്‍സ്റ്റര്‍ കുര്‍കലാംഗിനു കൈമാറി.
കേന്ദ്രസര്‍ക്കാരിനോടുള്ളപ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാകമ്മിറ്റി ഓഫിസ് പൂട്ടുകയും പതാക താഴ്ത്തിക്കെട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം, കൊഴിഞ്ഞുപോക്കു സ്ഥിരീകരിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലാങ് കോങ്‌വിര്‍, വരുംദിവസങ്ങളില്‍ ഗാരോഹില്‍സ് മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിവിട്ടേക്കുമെന്ന സംശയവും പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തെ അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി അധ്യക്ഷന്‍മാര്‍ വിമര്‍ശിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കു കനത്തതിരിച്ചടിയായി കൂടുതല്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപൊയ്‌കൊണ്ടിരിക്കുന്നത്.
നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മറാക്കും വെസ്റ്റ് ഗാരോ ഹില്‍സ് അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക്കുമാണ് നേരത്തെ രാജിവച്ച നേതാക്കള്‍. നാളെ മേഘാലയയില്‍ ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിപാടിക്കു ശേഷം പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."