ശബരിമല ദര്‍ശനം: കോഴിക്കോട് സ്വദേശിനിക്ക് ഭീഷണി
കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് ഭീഷണി. താമസിക്കുന്ന വീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടതായി ബിന്ദു പറയുന്നു.
ശബരിമലയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് വീട്ടുടമ രംഗത്തെത്തുകയായിരുന്നു ഇന്നലെ ചേവായൂരിലെ വീടിന് നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തിയിരുന്നു.
സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് സ്‌കൂളിന് നേരെയും ഭീഷണിയുയര്‍ന്നതിനാല്‍ സ്‌കൂളിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ലീവെടുക്കാന്‍ പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്‌കൂളിലേയ്ക്ക് വരേണ്ടെന്നാണ് നിര്‍ദ്ദേശം. തുടര്‍ന്ന് അവധിയെടുത്തിരിക്കുകയാണ് ഇപ്പോള്‍ ബിന്ദു. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കസബ പൊലിസ് സ്ഥലത്തെത്തി ബിന്ദുവിനെ അവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."