കര്‍ഷകരെ വെടിവച്ചുകൊന്നത് പൊലിസാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മന്ദസൂരില്‍ പ്രക്ഷോഭത്തിനിടെ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലിസ് വെടിവയ്പ്പിലാണെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്. പൊലിസിന്റെ വെടിയേറ്റാണ് കര്‍ഷകര്‍ മരിച്ചതെന്ന കാര്യം അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലിസ് വെടിവയ്പ്പിലല്ലെന്നും സമരക്കാര്‍ക്കിടയിലേക്കു നുഴഞ്ഞുകയറിയ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിലാണെന്നുമുള്ള മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തെ തള്ളിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കണമെന്നും കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടന്ന സമരത്തിനിടെ മന്ദസൂരിലെ പ്രക്ഷോഭകര്‍ക്കു നേരെയാണ് പൊലിസ് വെടിവയ്പ്പ്‌നടത്തിയത്.
അതേസമയം, മന്ദസൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പൊലിസ് തടഞ്ഞുവച്ചു. വെടിവയ്പ്പ് നടന്ന സ്ഥലത്തേക്കുള്ള വഴിമധ്യേ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. പ്രശ്‌നം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധിയ്ക്ക് പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ച് രാജസ്ഥാനിലെ ഉദയ്പൂരിലേക്കു വിമാനമാര്‍ഗം എത്തിയ രാഹുലിനെ മധ്യപ്രദേശ് അതിര്‍ത്തിയ്ക്ക് ഏഴു കിലോമീറ്റര്‍ അകലെ വച്ചാണ് കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, മറ്റു നേതാക്കളായ ദിഗ്‌വിജയ് സിങ്, ഗിരിജാവ്യാസ്, കമല്‍നാഥ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
എന്തുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഉത്തര്‍പ്രദേശില്‍ ദലിതുകളെ സന്ദര്‍ശിക്കാനെത്തിയപ്പോഴുണ്ടായതുപോലെ ആണ് തന്നോട് ഇവിടെയും പൊലിസ് പെരുമാറിയതെന്നും രാഹുല്‍ പറഞ്ഞു.
വലിയ പണക്കാരുടെ കടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിത്തള്ളുകയാണെന്ന് രാഹുല്‍ പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയോ സഹായം നല്‍കുകയോ ചെയ്യുന്നതിന് പകരം അവര്‍ക്ക് വെടിയുണ്ടകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാനാണ് താനിവിടെ എത്തിയത്. അതിന് സമ്മതിച്ചില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും അവരെ ആശ്വസിപ്പിച്ചതായും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഇവിടെ വരേണ്ടകാര്യമില്ലെന്നും കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും തങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും രാഹുലിനെ തടഞ്ഞത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, പ്രദേശത്ത് ഇന്നലെ വീണ്ടും അക്രമം നടന്നു. ഒരു ടോള്‍ പ്ലാസയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
എട്ടുലക്ഷത്തോളം രൂപ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലിസ് 62 പേരെ കസ്റ്റഡിയില്‍ എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു. മേഖലയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ മന്ദസൂര്‍ ജില്ലാ കലക്ടര്‍ സ്വതന്ത്രകുമാര്‍ സിങ്ങിനെയും പൊലിസ് സൂപ്രണ്ട് ഓം പ്രകാശ് ത്രിപാഠിയെയും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."