യുവാവിനെ മനുഷ്യകവചമാക്കിയത് സ്വീകാര്യ മാര്‍ഗമല്ല: ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: പ്രക്ഷോഭകരുടെ കല്ലേറിന് തടയിടാന്‍ കശ്മിരില്‍ സൈനിക വാഹനത്തിനുമുന്നില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം സ്വീകാര്യമായ മാര്‍ഗമല്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. നേരത്തെ നടപടിയെ ന്യായീകരിച്ചതിനെത്തുടര്‍ന്ന് പലകോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവാദ നടപടിയെ പൂര്‍ണമായും പിന്‍താങ്ങാതെയുള്ള സൈനിക മേധാവിയുടെ പരാമര്‍ശം.
മനുഷ്യകവചം സ്വീകാര്യമായ മാതൃകയല്ല. സന്ദര്‍ഭം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം യുക്തിപൂര്‍വം പ്രയോഗിക്കാവുന്ന മാര്‍ഗമാണിതെന്നാണ് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടത്.
മനുഷ്യകവചം എന്നത് പൊതുവായി സ്വീകരിക്കാവുന്ന മാതൃകയല്ല. ഇത് അഭ്യാസമാക്കുന്നതിനെ പിന്തുണക്കാനാകില്ല. എന്നാല്‍ സന്ദര്‍ഭം ആവശ്യപ്പെടുകയാണെങ്കില്‍ ചില ഘട്ടത്തില്‍ തനിച്ച് തീരുമാനമെടുക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ അനുമതിക്ക് കാത്തു നില്‍ക്കാനാകില്ല. സ്വന്തം വിവേകം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.
അതേസമയം മനുഷ്യകവചമാക്കേണ്ടിവന്നതുപോലുള്ള സന്ദര്‍ഭങ്ങളെ നേരിടാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടെങ്കില്‍ അത് തങ്ങളെ അറിയിക്കാമെന്നും അങ്ങനെയെങ്കില്‍ അതിന്റെ പ്രായോകിക സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും റാവത്ത് പറഞ്ഞു.
ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടയില്‍ സൈനികര്‍ക്കു നേരെയുണ്ടായ കല്ലെറ് പ്രതിരോധിക്കുന്നതിനായി യുവാവിനെ സൈനിക വാഹനത്തിനുമുന്നില്‍ കെട്ടിയിട്ട് വാഹനം ഓടിച്ച സൈനിക ഉദ്യോഗസ്ഥന്‍ ലീതല്‍ ഗഗോയിയുടെ നടപടിയെ നേരത്തെ റാവത്ത് പിന്തുണച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കശ്മിരിലെ കലാപങ്ങളെ നേരിടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്നായിരുന്നു നടപടിയെ പിന്തുണച്ച് റാവത്ത് പറഞ്ഞിരുന്നത്. ആളുകള്‍ കല്ലുകളും ബോംബുകളും എറിയുമ്പോള്‍ സൈന്യത്തോട് അനങ്ങാതിരുന്ന് മരിക്കാന്‍ പറയാനാവില്ല. പ്രക്ഷോഭകര്‍ കല്ലെറിയുന്നതിനു പകരം വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്നതാണ് എനിക്കിഷ്ടം എന്നും റാവത്ത് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."