മൊബൈല്‍ മോഷ്ടാക്കളായ കൗമാരക്കാര്‍ പിടിയില്‍
ആലുവ: നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വിലകൂടിയ മൊബൈലും തട്ടിയെടുത്ത് രക്ഷപ്പെട്ട കൗമാരക്കാരായ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ആലുവ മാര്‍ക്കറ്റിന് സമീപത്തെ കിംഗ് മൊബൈല്‍സ് എന്ന കടയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മോഷണം നടന്നത്. മൊബൈല്‍ ഷോപ്പിന്റെ ഷട്ടറുകള്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത ശേഷമായിരുന്നു കവര്‍ച്ച.
ആലുവയില്‍ നിന്നു തന്നെ മോഷ്ടിച്ച രണ്ട് സൈക്കിളിലാണ് സംഘം മൊബൈല്‍ഷോപ്പിലെത്തിയത്. ഈ സമയം സമീപത്തെ യൂണിയന് തൊഴിലാളികള്‍ ഷോപ്പിനു മുന്നില്‍ ആളില്ലാത്ത വിധത്തില്‍ കണ്ട രണ്ട് സൈക്കിളുകള്‍ ഇവരുടെ ഓഫീസിലേക്ക് മാറ്റിവച്ചിരുന്നു.
മോഷണം കഴിഞ്ഞിറങ്ങിയ സംഘം സൈക്കിളുകള്‍ കാണാതിരുന്നിട്ടും അന്വേഷിക്കാതെ അവിടെ നിന്നുപോയി. ശേഷമാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ന്നത് യൂണിയന് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തൊഴിലാളികള്‍ മൊബൈല്‍ ഷോപ്പിന്റെ ഉടമയെ വിവരമറിയിക്കുകയും തുടര്‍ന്ന് ഉടമ ആലുവ പൊലിസിന് പരാതി നല്‍കുകയും ചെയ്തു.
പുലര്‍ച്ചെ ആറ് മണിക്ക് പരാതി നല്‍കിയതിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ മോഷ്ടാക്കളായ രണ്ടുപേര്‍ ചേരാനല്ലൂരില്‍ പിടിയിലായി. ഈ സമയം മോഷ്ടച്ചെടുത്ത ഒരു ബൈക്കിലായിരുന്നു ഇവരുടെ സഞ്ചാരം. മണിക്കൂറിനുള്ളില്‍ തന്നെ നിരവധി മോഷണങ്ങളാണ് രണ്ടംഗ സംഘം നടത്തിയത്.
14-കാരായ ഇവരെ നേരത്തെ ചെറായിയിലെ ഒരു ഷോപ്പില്‍ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരെ പഠിപ്പിച്ചിരുന്ന സ്കൂളില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സ്കൂളും കുത്തിത്തുറന്ന് ഇവര്‍ മോഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."