ഖത്തര്‍ പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരേയും ബാധിക്കുന്നു
ജിദ്ദ: ഖത്തര്‍ പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരേയും ബാധിക്കുന്നു. ഖത്തര്‍ എയര്വേയ്സില് സഊദി അറേബ്യയിലേക്ക് ഉംറക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ആശങ്കയിലായിരിക്കുന്നത്. കേരളത്തില്‍ നിന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഉംറയ്ക്കായി സഊദി അറേബ്യയിലേക്ക് പോകുന്നത് റമദാന് മാസത്തിലാണ്.
ഖത്തറുമായി സഊദി നയതന്ത്ര ബന്ധം വിഛേദിച്ചത് ഉംറ തീര്‍ത്ഥാടകരേയും ബാധിച്ചിരിക്കുകയാണിപ്പോള്‍. ഉംറയ്ക്കായി ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകളാണ് ആശങ്കയിലായിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന് സഊദിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തി വച്ചതോടെ ഉംറ തീര്‍ത്ഥാടകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേയ്സിനെയാണ്. സഊദി എയര്‍ലൈന്‍സ് അടക്കമുള്ളവയ്ക്ക് ഇപ്പോള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് ഇല്ല എന്നത് തന്നെ കാരണം.
ഉംറയ്ക്കായി ഖത്തര്‍ എയര്വേയ്സില് എത്തിയ നൂറുകണക്കിന് മലയാളികള്‍ ഇപ്പോല്‍ സഊദി അറേബ്യയിലുണ്ട്. വിവിധ വിസിറ്റ് വിസകളില്‍ സഊദിയില്‍ എത്തി തിരിച്ചുവരാന്‍ നില്‍ക്കുന്നവരും നിരവധി.
എന്നാല്‍, ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റു വിമാനങ്ങളില്‍ യാത്രാ സൗകര്യമൊരുക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ച് വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
അതേസമയം, ഖത്തര്‍ പ്രതിസന്ധിയില്‍ പെരുന്നാളിനു മുമ്പ്് പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന് സൂചന. ഇതിനായി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് കുവൈത്തിലെ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുന്നാളിനു മുമ്പ് കര, വ്യോമ, ജല ഗതാഗതം പുന:സ്ഥാപിച്ചേക്കുമെന്നാണ് വാര്‍ത്ത. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാന്‍ ജി.സി.സി അടിയന്തര യോഗം ചേരും. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈത്തിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."