മോദി സര്‍ക്കാര്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി- വിമര്‍ശനവുമായി ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടന
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണമായും നിരാശപ്പെടുത്തിയെന്ന് ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ദേശീയ ഉപാധ്യക്ഷന്‍ പ്രഭാകര്‍ ഖെല്‍ക്കര്‍. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാകറിന്റെ പ്രതികരണം.
രാജ്യത്തെ കര്‍ഷകരുടെ മുഴുവന്‍ ദുരവസ്ഥക്കും കാരണക്കാര്‍ കേന്ദ്രസര്‍ക്കാറാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'നാണയമൂല്യം ഇല്ലാതായത് കാശിനെ മാത്രം ആശ്രയിക്കുന്ന സാധാരണ കര്‍ഷകരെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കിയത്. കറന്‍സിരഹിത ഇടപാടുകള്‍ അവര്‍ക്ക് നടപ്പിലാക്കാനാവില്ല. കൂടാതെ അറവിനായി മാടുകളെ വില്‍ക്കരുതെന്ന ഉത്തരവ് കൂനില്‍മേല്‍ കുരുവെന്ന പോലെയായിരിക്കുകയാണ് കര്‍ഷകര്‍ക്ക്. ഉപയോഗം കഴിഞ്ഞ മാടുകളേയും തീറ്റിപ്പോറ്റണമെന്ന ബാധ്യത കൂടി വന്നിരിക്കുന്നു'- പ്രഭാകര്‍ പറഞ്ഞു.
'പ്രക്ഷോഭകരുടെ ഭാഗത്തു നിന്ന് ചെറിയ വീഴ്ച ഉണ്ടായിട്ടുണ്ടാവാം. അവര്‍ കോപാകുലരായിരുന്നു. എന്നാല്‍ കര്‍ഷകരുടെ തെറ്റ മാത്രം നിങ്ങള്‍ കാണുന്നതെന്തു കൊണ്ടാണ്'- മധ്യപ്രദേശ് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകരെ വെച്ച് മുതലെടുപ്പ് നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ വിളവ് കുറവായിരുന്നു. ഇത്തവണ വിളവുണ്ട്. എന്നാല്‍ അതിന് വിലയില്ല. രാവും പകലും വിയര്‍പ്പൊഴുകുന്ന കര്‍ഷകര്‍ അവരുടെ നിലം തുച്ഛമായ വിലക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറവു നിയന്ത്രണം സര്‍ക്കാര്‍ തിരക്കിട്ടെടുത്ത തീരുമാനമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം പൊതുജനങ്ങള്‍ക്കു മുന്നില്‍ ഈ നിര്‍ദ്ദേശം വെക്കണമായിരുന്നു. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോവേണ്ടിയിരുന്നത്. എന്നാല്‍ തങ്ങളെ പോലുള്ള പാവപ്പെട്ടവരെ എല്ലാവരും വിഢികളായാണ് കണക്കാക്കുന്നത്. തങ്ങളുടെ അഭിപ്രായം ആരും മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്നും സംഘര്‍ഷങ്ങള്‍ക്കിട നല്‍കാതെ സമാധാനപരമായി കാര്യങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നും പ്രഭാകര്‍ വ്യക്തമാക്കി.
കറന്‍സിരഹിത ഇടപാടുകള്‍ കര്‍ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നു പറഞ്ഞ പ്രഭാകര്‍ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."