പി.വി സാമി അവാര്‍ഡ് മമ്മൂട്ടിക്ക്
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി.വി സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പി.വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മമ്മൂട്ടിക്ക്.
ഞായറാഴ്ച ഉച്ചക്ക് 12ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പി.വി സാമി അനുസ്മരണ ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റി പി.വി ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയര്‍മാന്‍ വയലാര്‍ രവി എം.പി അവാര്‍ഡിനെ കുറിച്ച് വിശദീകരിക്കും. കെ. മുരളീധരന്‍ എം.പി അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിക്കും. എം.കെ രാഘവന്‍ എം.പി പ്രശസ്തിപത്രം സമ്മാനിക്കും.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു, സത്യന്‍ അന്തിക്കാട്, പി.കെ അഹമ്മദ്, ശ്യാംസുന്ദര്‍ ഏറാടി പങ്കെടുക്കും. എം.പി വീരേന്ദ്രകുമാര്‍ എം.പി, ഡോ. സി.കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
രാവിലെ ഒന്‍പതിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന 'ഇന്ത്യ ഇപ്പോള്‍ നിക്ഷേപ സൗഹൃദ രാഷ്ട്രമോ' എന്ന സെമിനാറില്‍ ജോസഫ് സി. മാത്യു, എം.ടി രമേശ്, സി.പി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ അഡ്വ. പി.എം സുരേഷ്ബാബു, അഡ്വ. എം. രാജന്‍, ചീഫ് കോ ഓഡിനേറ്റര്‍ എം. ശ്രീകുമാരമേനോന്‍, പി.വി.എസ് ബില്‍ഡേഴ്‌സ് വൈസ് പ്രസിഡന്റ് കെ.പി രാജീവ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."