ഭീതിയോടെ കശ്മിര്‍; തടങ്കലുകളില്‍ എത്ര പേര്‍ ?
ശ്രീനഗര്‍: ദൂരെ നിന്നെത്തുന്ന അപരിചിതരുടെ വരവിന്റെ നിഴല്‍പോലും ഭീതിയോടെയാണ് കശ്മിരിലെ ജനങ്ങള്‍ കാണുന്നത്. അടുത്തെത്തുന്നത് സൈന്യത്തിന്റെ വരവാകരുതെന്നതാണ് അവരുടെ പ്രാര്‍ഥന. രാത്രി അടുത്തെത്തുന്ന ബൂട്ടുകളുടെ ശബ്ദത്തെ പേടിച്ച് വീടുകളില്‍ ഭീതിയോടെയാണ് പലരും കഴിയുന്നത്.
ഓഗസ്റ്റ് 18ന് രാത്രി വാതിലില്‍ ശക്തമായ മുട്ട് കേട്ടാണ് ബുജ്പുരയിലെ ഉമര്‍ഹൈറിലുള്ള ഗുലാം അഹമ്ദ് ദറും കുടുംബവും ഞെട്ടിയുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ വീടിന്റെ പുറത്ത് സൈന്യം. കൊച്ചുമകന്‍ ഉമര്‍ എവിടെ പോയെന്ന് കര്‍ഷകനായ 74 കാരന്‍ ഗുലാം അഹമ്മദിനോട് സൈനികര്‍ ചോദിച്ചു.
പ്രാദേശിക പൊലിസുകാര്‍, സി.ആര്‍.പി.എഫ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് വീടിന് പുറത്തുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടിന്റെ അകത്തേക്ക് പ്രവേശിച്ച് ഉമര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തകര്‍ത്തു. ആ സമയത്ത് ഉമറും അവന്റെ സുഹൃത്ത് ആസിഫും അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഉറങ്ങുകയായിരുന്ന അവരെ കട്ടിലിനൊപ്പം പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദിക്കാന്‍ തുടങ്ങി. ഉമര്‍ ട്രൗസര്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. അതേ പോലെ അവനെയും സുഹൃത്ത് ആസിഫിനെയും സുരക്ഷാ സൈന്യം പിടിച്ചുകൊണ്ടുപോയി. രണ്ട് പേരും പതിനെട്ട് വയസുകാരാണ്. കൂടാതെ ഉമറിന്റെ 12 കരാനായ അനുജനെയും സൈന്യം കൊണ്ടുപോയി.
ഇവരെ പിടിച്ചുകൊണ്ടുപോകുന്നതിനെ തടയാന്‍ ഉമറിന്റെ പിതാവായ മന്‍സൂര്‍ അഹമ്മദ് ദര്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. കാലിനു പരുക്കേറ്റ മുന്‍സൂറിനെ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഗുലാം ദര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കുട്ടികളെ വിട്ടയക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് യാജിച്ചെന്നും ഒടുവില്‍ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തനടുത്തെത്തിയപ്പോള്‍ തങ്ങളെ പിരിച്ചുവിടാനായി അവര്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചെന്നും ഉമറിന്റെ മുത്തശ്ശി സൂന ബീഗം പറഞ്ഞു.
ഓഗസ്റ്റ് 19നു വൈകിട്ട് മാത്രമാണ് കുട്ടികളെ കാണാന്‍ സൂറ പൊലിസ് അനുമതി നല്‍കിയത്. കുട്ടികളെ സ്റ്റേഷനില്‍ പിടിച്ചുവയ്ക്കാനുള്ള കുറ്റമെന്താണെന്ന് കുടുംബത്തോട് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ അവര്‍ക്കെതിരേ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അടുത്തദിവസം ഉമറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉമര്‍ ഇപ്പോഴും ജയിലിലാണ്.
യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത് കശ്മിരില്‍ മിക്ക സ്ഥലങ്ങളിലും പതിവാണ്. ബുജ്പുരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അന്‍ചാറില്‍ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പ്രതിഷേധങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ സൈനികര്‍ക്കെതിരേ ആരും കല്ലെറിയാറില്ലെന്ന് പ്രദേശത്തുകാര്‍ മാധ്യമ പ്രതിനിധികളോട് പറഞ്ഞു. ഓഗസ്റ്റ് 18നു രാത്രി തന്നെ ഇവിടെയുള്ള ചില വീടുകളില്‍ സൈന്യം എത്തി പത്തോളം യുവാക്കളെ കൊണ്ടുപോയി. ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ കുടുംബങ്ങളെ പൊലിസ് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്തകവരാണ്. മുന്‍ കരുതല്‍ എന്ന നിലയില്‍ നേരത്തെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ വിട്ടയച്ചെന്നും കശ്മിരില്‍ നീതിന്യായ സംവിധാനം ശക്തമാണെന്നും ജമ്മുകശ്മിര്‍ സര്‍ക്കാരിന്റെ വക്താവ് റോഹിത് കന്‍സാല്‍ ഓഗസ്റ്റ് 24ന് വ്യക്തമാക്കിയെങ്കിലും നിരവധി പേര്‍ ഇപ്പോഴും ജയിലലാണ്.
ബുജ്പുരയില്‍ കസ്റ്റഡിയെലുത്തവരെ സംബന്ധിച്ച് ജമ്മുകശ്മിര്‍ പൊലിസ് വക്താവ് മനോജ് ഷീരിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു മറുപടി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം 4,000 പേര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ എണ്ണം ഇതിലും കൂടുതലാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."