പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു നാലു യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അഭിഭാഷകരായ എ.കെ മായാകൃഷ്ണന്, എസ്. രേഖ, എറണാകുളം സ്വദേശികളായ ജലജാമോള്‍, ജയാമോള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രിംകോടതി വിധി പ്രസ്താവിച്ചിട്ടും രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റും നേതൃത്വത്തില്‍ യുവതികളെ തടയുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍, കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍, കെ.പി.സി.സി പ്രസിഡന്റ്, തന്ത്രി കണ്ഠരര് രാജീവര്, പ്രതിപക്ഷ നേതാവ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണര്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹരജി. ശബരിമലയിലുണ്ടാവുന്ന പ്രതിഷേധങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലര്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ ശബരിമലയില്‍ യഥാര്‍ഥ വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നാവശ്യപ്പെട്ടു ശിവന് കദളി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു.
യഥാര്‍ഥ വിശ്വാസികളെ കണ്ടെത്താന്‍ എന്താണ് സംവിധാനമെന്നു കോടതി ആരാഞ്ഞു. വാദം പൂര്‍ത്തിയാവുന്നതിനു മുന്‍പ് കേസ് പിന്‍വലിക്കുകയാണെന്നു ഹരജിക്കാരന് കോടതിയെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."