കടലോളം സ്വപ്നവുമായി കടലിന്റെ മക്കള്‍ സുബ്രതോ കപ്പിന്
തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ മക്കള്‍ സുബ്രതോ കപ്പ് പോരാട്ടത്തിനൊരുങ്ങി. കാല്‍പന്തുകളിയിലെ സ്‌കൂള്‍തല ഇന്ത്യന്‍ രാജകുമാരന്മാരെ നിശ്ചയിക്കുന്ന സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് കഠിനംകുളം സെന്റ് വിന്‍സെന്റ് സ്‌കൂളിലെ താരങ്ങള്‍ തയാറെടുക്കുന്നത്.
ഓഖി സമ്മാനിച്ച ദുരന്തത്തിന്റെ ഭീതി ഇനിയും വിട്ടുമാറാതെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടുന്നതാണ് 14 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ മാറ്റുരക്കുന്ന കഠിനംകുളത്തെ കുട്ടികള്‍. കേരള മേഖലയില്‍ നിന്നുള്ള ആയിരത്തിലധികം സ്‌കൂളുകളെ പിന്നിലാക്കിയാണ് ഈ തീരദേശ മേഖലയിലെ കുട്ടിത്താരങ്ങള്‍ കാല്‍പന്തുകളിയിലെ ദേശീയ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം ഏറ്റവും വലിയ അംഗീകാരമായാണ് തീരദേശമേഖലയിലെ കായികതാരങ്ങള്‍ കാണുന്നത്. തീരപ്രദേശത്ത് ഫുട്‌ബോളില്‍ മികവ് കാട്ടുന്ന കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത 2015 ല്‍ ആരംഭിച്ച റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയായ ലിഫയില്‍ പരിശീലനം നേടിയ താരങ്ങളാണ് ഇവര്‍. ക്ലെയോഫാസാണ് പരിശീലകന്‍. അണ്ടര്‍ 14 തലത്തില്‍ 22 കുട്ടികളും അണ്ടര്‍ 17 തലത്തില്‍ 18 കുട്ടികളുമാണ് അക്കാദമിയിലുള്ളത്.
അണ്ടര്‍ 14 കുട്ടികളുടെ വിദ്യാഭ്യാസം കഠിനംകുളം സെന്‍് വിന്‍സെന്റ് ഹൈസ്‌കൂളിലും അണ്ടര്‍ 16 കുട്ടികളുടെ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലുമാണ് ഒരുക്കിയിരിക്കുന്നത്. 22 അംഗ ടീമിനൊപ്പം പരിശീലകന്‍ ക്ലെയോഫാസ്, കായികാധ്യാപിക പ്രസന്ന, ടീം മാനേജര്‍ ജോബിന്‍ എന്നിവരുമുണ്ട്. ലിഫയില്‍ പരിശീലനം നടത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ നാലു താരങ്ങള്‍ ദേശീയ തലത്തില്‍ എത്തി. 20 സംസ്ഥാന താരങ്ങളെയും 12 ഐ ലീഗ് താരങ്ങളെയും കേരളത്തിന് സമ്മാനിക്കാന്‍ ലിഫക്ക് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി നടന്ന 19 ഓളം ദേശീയ സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ കിരീടം ഉയര്‍ത്താന്‍ ലിഫക്ക് സാധിച്ചു.
കഴിഞ്ഞ മാസം നടന്ന സുബ്രതൊ അണ്ടര്‍ 14 സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് ലിഫ കാഴ്ച വെച്ചത്. കലാശ പോരാട്ടത്തില്‍ പരപ്പൂര്‍ എഫ്.സിയെ 1-0 ന് പരാജയപ്പെടുത്തിയാണ് ലിഫ കിരീടം ചൂടിയത്. സെമി ഫൈനലില്‍ ഐ ലീഗ് ടീമായ ഗോകുലം എഫ്.സിയുടെ എം.ഇ.എസ് സ്‌കൂളിനെ 2-1 ന് പരാജയപ്പെടുത്തിയ ലിഫ കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളിലായി അപരാജിതരായാണ് മുന്നോട്ടു പോകുന്നത്.
മുന്‍ സന്തോഷ് ട്രോഫി നായകനായ നെല്‍സനാണ് ഗോള്‍ കീപ്പിങ് കോച്ച്. ഫ്രെഡി ജോസ്, വിന്‍സെന്റ് ഡൊമിനിക് എന്നിവര്‍ സഹപരിശീലകരാണ്. ലിഫ ഡയറക്ടര്‍ ഫാ. തോമസ് നെറ്റൊ, അസിസ്റ്റന്റ് ഡയറക്ടര്‍. ക്രിസ്തുദാസ് ഫിലിപ്പ് എന്നിവരാണ് അക്കാദമിയുടെ മാനേജ്‌മെന്റ് ചുമതല വഹിക്കുന്നത്. ബ്രദര്‍. ജോബിനാണ് ടീം മാനേജര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."