അരൂക്കുറ്റിയിലെ വഞ്ചിവീട് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു
പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വഞ്ചിവീട് കേന്ദ്രം സാമൂഹ്യവിരുധരുടെ താവളമാകുന്നു. കാടുപിടിക്കുന്ന വഞ്ചിവീട് കേന്ദ്രത്തിലെ ഉപകരണങ്ങള്‍ നശിക്കുന്നതും നശിപ്പിക്കുന്നതും പതിവാകുകയാണ്. ജില്ലയുടെ മെഗാ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് വിനോദസഞ്ചാര വകുപ്പിന്റെ രണ്ട് കോടിയോളം രൂപ ചെലവില്‍ അരൂക്കുറ്റിയിലും വഞ്ചിവീട് കേന്ദ്രം നിര്‍മിച്ചത്.
നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടിയില്ല. ഒരേസമയം അഞ്ച് വഞ്ചിവീടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം, യാത്രക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രം, വാച്ച് ടവര്‍, ശുചിമുറികള്‍ തുടങ്ങിയവയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കു തിരിച്ചുമുള്ള വഞ്ചിവീട് സര്‍വിസുകള്‍ നടത്തി വിനോദ സഞ്ചാര വികസനവും പ്രാദേശിക വികസനവുമാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇപ്പോള്‍ വഞ്ചിവീട് കേന്ദ്രവും പരിസരവും കാട്പിടിക്കുകയും ഉപകരണങ്ങള്‍ നശിക്കുകയുമാണ്.സാമൂഹ്യവിരുധ സംഘങ്ങള്‍ പകലും രാത്രിയുമായി തമ്പടിച്ച് മദ്യവും മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
കേന്ദ്രത്തിലെ പൈപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുന്നുമുണ്ട്. ഇവിടെ മാലിന്യവും തള്ളുന്നതിനാല്‍ രോഗ ഭീഷണിയായി മാറുകയാണ്. പൊലിസ്,എക്സൈസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വഞ്ചിവീട് കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ക്കും അനുബന്ധ വികസനത്തിനുമായി ഇതിനു സമീപമുള്ള എക്സൈസ് വകുപ്പിന്റെ സ്ഥലം ചോദിച്ചിരിക്കുകയാണ്. മറ്റെവിടെയെങ്കിലും പകരം സ്ഥലം നല്കിയാല് മാത്രമെ എക്സൈസ് വകുപ്പിന്റെ സ്ഥലം ലഭിക്കുകയുള്ളു. ഇതിനുള്ള ശ്രമം നടക്കുകയാന്നൈന്ന് എ.എം. ആരിഫ് എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."