കളിമണ്‍ പാത്ര നിര്‍മാണം അപ്രത്യക്ഷമാവുന്നു
ഹരിപ്പാട്: ഒരുകാലത്ത് കുട്ടനാട്- അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ സജീവമായിരുന്ന കളിമണ്‍ പാത്ര നിര്‍മാണശാലകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. മണല്‍,ചെളി എന്നിവയുടെ അപര്യാപ്തതയും, ഗ്യാസ് അടുപ്പുകളുടെ രംഗപ്രവേശനവും, അലുമിനിയം,സ്റ്റീല്‍, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ എന്നിവ അടുക്കള കൈയടക്കിയതും, കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വന്നതും,വിദഗ്ധരായ പ്രൊഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ പരമ്പരാഗതമായ കളിമണ്‍പാത്ര നിര്‍മാണമേഖലക്ക് തിരിച്ചടിയായി.
തലവടി, മുട്ടാര്‍,നിരണം,മിത്രക്കേരി,ചക്കുളം,അര്‍ത്തിശ്ശേരി,രാമങ്കരി,ഊരിക്കരി എന്നിവിടങ്ങളില്‍ ഒരു കാലത്ത് സജീവമായിരുന്നു കളിമണ്‍ പാത്ര നിര്‍മാണം. വള്ളത്തിലും തല ചുമടായും ആവശ്യക്കാരില്‍ എത്തിച്ചിരുന്ന കളിമണ്‍പാത്രങ്ങള്‍ ഉത്സവപറമ്പുകളിലും,പള്ളിപ്പെരുന്നാള്‍ നടക്കുന്നിടത്തും എന്നുവേണ്ട നാലാള്‍ കൂടുന്ന എവിടേയും സുലഭമായിരുന്നു. പക്ഷേ ആ മണ്‍പാത്രങ്ങള്‍ ഇന്ന് വിസമൃതിയിലാകുകയണ്. ഈ തൊഴിലിനെ കുലത്തൊഴിലായി സ്വീകരിച്ച കുംഭാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍ നിന്നും പിന്തിരിഞ്ഞ് മറ്റുജോലികള്‍ തേടിപ്പോയി തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
പഴയ തലമുറയില്‍പ്പെട്ട അപൂര്‍വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നിരിക്കെ ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്ന കളിമണ്‍പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുള്ളത്. പുതുതലമുറയില്‍ നിന്നും ആരും തന്നെ ഈ മേഖലയിലേക്ക് കടന്നു വരാത്തത് ഈ പരമ്പരാഗത മേഖലക്ക് തിരിച്ചടിയായി. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്‌നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ്. നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്.
ഉത്പാദന ചെലവ് കൂടുതലും ഉത്പന്നത്തിന് വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് ഈ മേഖലയുടെ മുഖ്യ പ്രശ്‌നം. കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നതിന് സമൂഹം തയ്യാറാകുന്നില്ലത്രേ. പാടശേഖരങ്ങളില്‍ നിന്നും 5അടിയോളം മേല്‍മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ കളിമണ്‍ ലഭിക്കുകയുള്ളൂ. ചെളിയെടുപ്പ് നിയമം മൂലം നിരോധിച്ചതിനാല്‍ കളിമണലെടുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.
ചൂളയില്‍ മണ്‍പാത്രം വേവിക്കാന്‍ ചകിരി, വൈക്കോല്‍ എന്നിവ വേണം. അനുദിനം ഇവയ്ക്ക് വിലകൂടുന്നതിനാല്‍ ആ തരത്തിലും പ്രതിസന്ധി കൂടുകയാണ്. തകര്‍ച്ചനേരിടുന്ന മണ്‍പാത്രനിര്‍മാണം സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും സംസ്‌കാരത്തിന്റെ പ്രതീകമായ മണ്‍പാത്രനിര്‍മാണം സംരക്ഷിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."