കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകള്‍ ജീവന് ഭീഷണി
തിരൂര്‍: കാലപ്പഴക്കം ചെന്ന പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതു ജനങ്ങളുടെ ജീവനു ഭീഷണി. അഞ്ചു വര്‍ഷം വരെ മാത്രമേ ഒരു സിലിണ്ടര്‍ ഉപയോഗിക്കാവൂ എന്നിരിക്കെ 15 വര്‍ഷം വരെ പഴക്കമുള്ളവ ഇപ്പോഴും പല ഗ്യാസ് ഏജന്‍സികള്‍ക്കു കീഴിലും ഉപയോഗിക്കുന്നുണ്ട്.
ഗുരുതരമായ സുരക്ഷാ പ്രശ്‌നമായിട്ടും അതൊന്നും കണക്കിലെടുക്കാതെയാണിതെല്ലാം. ഐ.ഒ.സി അധികൃതരും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വര്‍ഷം തോറും സ്റ്റാറ്റിയൂട്ടറി പരിശോധനകള്‍ നടത്താറുണ്ടെങ്കിലും കര്‍ശന നടപടിയെടുക്കാറില്ല. പരിശോധന പേരിനു മാത്രമാകുന്നതാണ് ഇതിനു പ്രധാന കാരണം. കാലാവധി കഴിഞ്ഞ സിലിണ്ടറുകള്‍ ഐ.ഒ.സി തന്നെ തിരിച്ചെടുത്തു പുതിയതു നല്‍കണമെന്നാണു നിയമം. എന്നാലിതു പലപ്പോഴും കാര്യക്ഷമമായി നടത്താറില്ല.
സിലിണ്ടറുകള്‍ക്കുമേല്‍ കോഡും നമ്പറും പ്രത്യേകമായി നല്‍കുന്നുണ്ടെങ്കിലും ഉപഭോക്താക്കളാരും ഇതു ശ്രദ്ധിക്കാത്തതും നിയമലംഘനത്തിനിടയാക്കുന്നു. വിവിധ കാലങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പാചക വാതക അപകടങ്ങള്‍ക്കു പ്രധാനമായും കാരണമായതു സിലിണ്ടറുകളുടെ തകരാറുകളാണെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ടവരില്‍ ഭൂരിഭാഗത്തിനും ഇതുവരെ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ലഭിച്ചിട്ടില്ല. പാചക വാതകം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെടുക്കാത്തതാണു നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെടുന്നതിനു കാരണം. പാചക വാതക അടുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും ഗ്യാസ് ഏജന്‍സികള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കാറില്ല. സിലിണ്ടറിന്റെയും അടുപ്പിന്റെയും കാര്യക്ഷമത പരിശോധിക്കാന്‍ എന്ന പേരില്‍ ഗ്യാസ് ഏജന്‍സികള്‍ ചുമതലപ്പെടുത്തുന്നവര്‍ക്കാകട്ടേ ഈ മേഖലയില്‍ യാതൊരു വിധ സാങ്കേതിക പരിജ്ഞാനവുമുണ്ടാകാറില്ല.
സാങ്കേതിക വിദഗ്ധരെ ചുമതല ഏല്‍പ്പിച്ചാല്‍ വലിയ തുക ചെലവാകുമെന്നതിനാല്‍ ഗ്യാസ് ഏജന്‍സികള്‍ മുന്‍കൈയെടുത്തു വിശ്വസ്തരെ ഏല്‍പ്പിക്കുകയും പരിശോധനയുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ മനസിലാക്കികൊടുക്കാറുമാണു പതിവ്. ഈ രീതിയിലാണു കാലങ്ങളായി പലയിടത്തും ഗ്യാസ് ഏജന്‍സികളുടെ സുരക്ഷാ പരിശോധന. ഇതിനു പ്രത്യേകം ഫീസും വാങ്ങാറുണ്ട്. ഇതൊക്കെയാണെങ്കിലും ഐ.ഒ.സി അധികൃതര്‍ക്കോ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പ്രശ്‌നവുമില്ല. ഉപഭോക്താക്കളും ഇക്കാര്യം വിശദമായി മനസിലാക്കാന്‍ ശ്രമിക്കുകയോ പ്രതികരിക്കാന്‍ തയ്യാറാകുകയോ ചെയ്യാറുമില്ല. ഇതും ഗുരുതരമായ കൃത്യവിലോപത്തിനു കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."