മെഡി. കോളജ് കാന്‍സര്‍ സെന്റര്‍ നവംബര്‍ ഒന്നിന് തുറക്കും
സലീം മൂഴിക്കല്‍
ചേവായൂര്‍: മെഡിക്കല്‍ കോളജ് ടെറിഷറി കാന്‍സര്‍ കെയര്‍ സെന്റര്‍ (ടി.സി.സി) കേരളപ്പിറവി ദിനത്തില്‍ രോഗികള്‍ക്കായി തുറന്നുനല്‍കും. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സാവിത്രി സാബു മെമ്മോറിയല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ വിഭാഗത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചെസ്റ്റ് ആശുപത്രിക്കു സമീപം നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റും. എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായാണു ടെറിഷറി കാന്‍സര്‍ സെന്റര്‍ കോഴിക്കോടിന് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണു കാന്‍സര്‍ സെന്റര്‍ യാഥാര്‍ഥ്യമായത്. കാന്‍സര്‍ സെന്റര്‍ രോഗികള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ തിരുവനന്തപുരം ആര്‍.സി.സിക്ക് സമാനമായ ചികിത്സയാകും രോഗികള്‍ക്ക് ലഭിക്കുന്നത്.
2015ല്‍ ഫണ്ട് ലഭിക്കുകയും മാസങ്ങള്‍ക്കു മുന്‍പേ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രിയെയോ മുഖ്യമന്ത്രിയെയോ ലഭിക്കാതെ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിന്റെ പേരില്‍ ചികിത്സ രോഗികള്‍ക്ക് നിഷേധിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്ഘാടനമില്ലാതെ തന്നെ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. ചികിത്സ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതോടെ ആധുനിക രീതിയിലുള്ള ചികിത്സയാണു രോഗികള്‍ക്ക് ലഭിക്കുന്നത്. റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളിലായുള്ള ചികിത്സ രോഗികള്‍ക്കു ലഭിക്കും. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സലേറ്റര്‍ ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങളുടെ സേവനം രോഗികള്‍ക്ക് ഇവിടെയുണ്ടാകും.
ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ സ്‌പെക്ട് ഗാമാ കാമറയും രോഗികള്‍ക്കായി ഒ.പി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ സര്‍ജിക്കല്‍ ഓങ്കോളജിയില്‍ മാത്രമാണു കിടത്തി ചികിത്സയുള്ളത്. മെഡിക്കല്‍ ഓങ്കോളജിക്കും റേഡിയോ തെറാപ്പിക്കും ഒ.പി സൗകര്യമുണ്ടെങ്കിലും കിടത്തി ചികിത്സ പ്രധാന ആശുപത്രിയില്‍ തന്നെയാണുള്ളത്.
44.5 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 25 കോടി കേന്ദ്ര ഫണ്ടും 19.5 കോടി സംസ്ഥാന വിഹിതവുമാണ്. 13.5 കോടി കെട്ടിടനിര്‍മാണത്തിനു മുടക്കിയപ്പോള്‍ 33 കോടി ചെലവുവന്നത് ഉപകരണങ്ങള്‍ക്കാണ്. ഉദ്ഘാടനം കാത്തുനില്‍ക്കാതെ കെട്ടിടം തുറന്നുകൊടുക്കുക്കുന്നതിലുള്ള ആശ്വാസത്തിലാണു രോഗികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."