കെ.എസ്.ആര്‍.ടി.സി ബസ് ബോഡി നിര്‍മാണം സ്വകാര്യവല്‍ക്കരിക്കുന്നു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് ബോഡിനിര്‍മാണം സ്വകാര്യവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ച് വര്‍ക്ക് ഷോപ്പുകള്‍ പൂട്ടാനും രഹസ്യ തീരുമാനം. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളില്‍നിന്ന് ബസുകള്‍ ഇറങ്ങില്ല. ഘട്ടംഘട്ടമായുള്ള പൂട്ടല്‍ പ്രക്രിയയുടെ ആദ്യപടിയായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു തുടങ്ങി.
താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വര്‍ക്ക്‌ഷോപ്പുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ഡിപ്പോകളില്‍ വിന്യസിക്കാനും തീരുമാനമുണ്ട്. ബസ് ബോഡി നിര്‍മാണ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ നേരത്തേ നടന്നിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതിനാല്‍ പദ്ധതി നടപ്പായില്ല.
ഇപ്പോള്‍ പെന്‍ഷനും, ഫലത്തില്‍ ശമ്പളവും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതു മുന്‍ നിര്‍ത്തിയാണ് ഉദ്യോഗസ്ഥ സംഘം നിര്‍മാണം സ്വകാര്യ കമ്പനിക്കു നല്‍കുന്നതിനുള്ള നീക്കവുമായി മുന്നോട്ടു പോകുന്നത്. ബോഡി നിര്‍മാണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ജൂലൈ മാസത്തോടെ വര്‍ക്ക് ഷോപ്പുകള്‍ പൂര്‍ണമായും പൂട്ടുകയാണ് ലക്ഷ്യം. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര, ആലുവ, എടപ്പാള്‍ എന്നിവിടങ്ങളിലാണ് റീജ്യനല്‍ വര്‍ക്ക് ഷോപ്പുകള്‍ ഉള്ളത്.
ഇവിടെനിന്നാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ മാസം സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍നിന്ന് 240 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇനി ശേഷിക്കുന്നത് 190 ജീവനക്കാരാണ്. ഇവരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങി. പിരിച്ചുവിടല്‍ നടപടിയോട് ഭരണാനുകൂല സംഘടനകളും ശക്തമായ എതിര്‍പ്പറിയിച്ചു കഴിഞ്ഞു.
സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു നിര്‍ദേശം. എന്നാല്‍, പിരിച്ചുവിട്ടാല്‍ ഉണ്ടാകുന്ന എതിര്‍പ്പുകള്‍ പരിഗണിച്ച് റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ മാത്രം ആദ്യം പ്രാവര്‍ത്തികമാക്കാനായിരുന്നു നീക്കം. സര്‍ക്കാരിന്റെ അനുവാദം, വിവിധ തൊഴിലാളി സംഘടനകളുടെ തീരുമാനം എല്ലാം പരിഗണിച്ചാണ് റിപ്പോര്‍ട്ടിലെ നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചിരുന്നത്.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം തുടങ്ങി ടിക്കറ്റ് വിതരണവും ഡ്രൈവിങും ഒരാള്‍ മാത്രമെന്ന പരിഷ്‌ക്കാരവും നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെ ജീവനക്കാര്‍ തന്നെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ബസ് ബോഡി നിര്‍മാണം സ്വകാര്യ വല്‍ക്കരിക്കുന്നതിന്റെ നീക്കം.
203 താല്‍ക്കാലിക ജീവനക്കാരെ ഇന്നലെ പിരിച്ചുവിട്ടു
സ്ഥാപനത്തെ ലാഭത്തിലാക്കാനെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ഇന്നലെ 203 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. അഞ്ച് റീജ്യനല്‍ വര്‍ക്ക് ഷോപ്പുകളിലെ മെക്കാനിക്കുകളെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്‌നിന്ന് 35, എടപ്പാള്‍ 52, ആലുവ 55, മാവേലിക്കര 61 എന്നിങ്ങനെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഇന്നും നാളെയുമായി തിരുവനന്തപുരത്തെ 190 ജീവനക്കാരെക്കൂടി പിരിച്ചുവിടും. രണ്ടുമാസം മുന്‍പ് 240 പേരെയും മെക്കാനിക് ഡ്യൂട്ടി പാറ്റേണിന്റെ പേരില്‍ സമരം ചെയ്ത 81 പേരെയും പിരിച്ചു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."