ദര്‍സ് വിദ്യാര്‍ഥിയുടെ വിയോഗം: ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍
വെട്ടത്തൂര്‍: കൂട്ടുകാരന്റെ വിയോഗം കാപ്പ് ജുമാമസ്ജിദിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍കൊള്ളാനാകുന്നില്ല. മണിക്കൂറുകള്‍ക്കു മുമ്പ് കൂടെയുണ്ടായിരുന്ന സഹപാഠി വിടപറഞ്ഞതു ഞെട്ടലോടെയാണ് അവര്‍ ശ്രവിച്ചത്. സമീപവാസികളാകട്ടെ, കഴിഞ്ഞ വര്‍ഷം നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ച കുളത്തില്‍ മറ്റൊരു അപകട മരണത്തിനും കൂടി സാക്ഷിയായതിന്റെ ഞെട്ടലിലുമാണ്.
കാപ്പ് ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള വല്ലക്കുളത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇവിടത്തെ ദര്‍സ് വിദ്യാര്‍ഥിയും വാഴയൂര്‍ തിരുത്തിയാട് അമ്പിളിചാനത്ത് യാസര്‍ അറഫാത്തിന്റെ മകനുമായ ആദില്‍ (13) മുങ്ങി മരിച്ചത്. ആകസ്മികമായി സംഭവിച്ച ആദിലിന്റെ മരണം നാടിന്റെ മുഴുവന്‍ നൊമ്പരമായി മാറി.
സ്‌കൂള്‍ അവധി ദിസവമായ ഇന്നലെ എല്ലാവര്‍ക്കും ഒരുമിച്ചു കുളിക്കണമെന്ന ആഗ്രഹത്തിന് ഉസ്താദ് അനുമതി നല്‍കിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് അവര്‍ കുളത്തിലെത്തിയത്. എന്നാല്‍, തിരിച്ചുപോകുമ്പോള്‍ സുഹൃത്തിന്റെ ചലനമറ്റ ശരീരമാണു കാണേണ്ടി വരികയെന്ന് ആരും കരുതിയില്ല.
കുളി കഴിഞ്ഞ് പള്ളിയിലെ പ്രത്യേക ക്ലാസിനായി ധ്യതിപിടിച്ച് മടങ്ങിയവര്‍ ആദിലിനെ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് അവന്റെ ചെരുപ്പുകള്‍ കുളക്കരയില്‍ കണ്ടത്. ഉടനെ രണ്ടുപേര്‍ വെള്ളത്തില്‍ ചാടി മുങ്ങി തപ്പിയപ്പോള്‍ കണ്ട ദാരുണമായ കാഴ്ച മറക്കാനാകുന്നില്ല. പക്ഷെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതൊക്കെ പറയുമ്പോള്‍ കൂട്ടുകാരന്‍ മുഷ്താക്കിന്റെ കണ്ണുകളിലും നനവ് പടര്‍ന്നിരുന്നു.
രണ്ടാഴ്ച മുമ്പാണ് ദര്‍സ് പഠനത്തിനായി ആദില്‍ കാപ്പ് ജുമാമസ്ജിദിലെത്തുന്നത്. ഇതിനിടയില്‍ തന്നെ ഇവിടത്തുകാരുടെ പ്രിയപ്പെട്ടവനായി മാറിയ ആദില്‍ കാപ്പ് ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായിരുന്നു.
മരണവാര്‍ത്ത അറിഞ്ഞതോടെ അവസാനമായി ഒരു നോക്ക്കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. മ്യതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി തിരുത്തിയാട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."