വടക്കാഞ്ചേരി നഗരസഭ ഹരിതാഭമാക്കുന്നു: തരിശ് ഭൂമിയില്‍ കൃഷിയിറക്കല്‍ പദ്ധതിക്ക് തുടക്കം
വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി നഗരസഭ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന പദ്ധതിക്ക് തുടക്കം. 23 വര്‍ഷമായി തരിശിട്ടിരുന്ന മുണ്ടത്തിക്കോട് തിരുത്തി പറമ്പ് ചോല പ്രദേശത്തെ 3 ഏക്കര്‍ സ്ഥലത്ത് വിത്ത് വിതച്ച് നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂ പ് കിഷോര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആദ്യകാലത്ത് ഞാറ്റടി നടത്തിയിരുന്ന പ്രദേശമാണ് ചോല മേഖല. പാര്‍ളിക്കാട് പടിഞ്ഞാറ്റു മുറി പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കിയത്. 90 ദിവസം മൂപ്പുള്ള അന്നപൂര്‍ണ്ണ എന്ന മൂപ്പുകുറഞ്ഞ വിത്തിനമാണ് കൃഷിയിറക്കിയത്. പാടശേഖര സമിതിക്ക് നഗരസഭ 25000 രൂപയും, സ്ഥല ഉടമക്ക് 5000 രൂപയും നഗരസഭ സബ്‌സിഡിയായി നല്‍കും. വിത്തിറക്കല്‍ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, മധു അമ്പലപുരം, പാടശേഖര സമിതി ഭാരവാഹികളായ രാജേഷ്, ശങ്കുണ്ണി, കൃഷി ഓഫീസര്‍ ശ്രീരേഖ, ബൈജു ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
ആകെ 523 ഏക്കര്‍ സ്ഥലത്താണ് വിരിപ്പ് കൃഷി ചെയ്യുക. 31 പാടശേഖരങ്ങളിലായാണ് കൃഷി. കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കും. ഹെക്ടറിന് 1500 രൂപ സബ്‌സിഡിയായി നല്‍കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. രണ്ടാമത്തെ വിളയായ മുണ്ടകനെ അപേക്ഷിച്ച് വിരിപ്പിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനും പദ്ധതിയുണ്ട്. സെപ്റ്റംബര്‍ 30 നകം രണ്ടാമത്തെ വിളയായ മുണ്ടകന്‍ കൃഷിയിറക്കാവുന്ന വിധത്തില്‍ കലണ്ടര്‍ തയ്യാറാക്കാന്‍ പാടശേഖര സമിതികളുടെ യോഗം വിളിച്ച് ചേര്‍ക്കും. വിരിപ്പ് കൃഷി ചെയ്യുന്ന പാടശേയരങ്ങളില്‍ കൂര്‍ക്ക കൃഷി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."