യു.എസിനെ വിറപ്പിക്കാന്‍ ഡോറിയന്‍ ചുഴലിക്കാറ്റ്
വാഷിങ്ടണ്‍: ഡോറിയന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്‌ളോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയില്‍. കാറ്റഗറി 5 ചുഴലിക്കാറ്റായി മാറിയ ഡോറിയന്‍ ഫ്‌ളോറിഡയ്ക്കും കരോലിനയ്ക്കുമിടയില്‍ വച്ച് കര തൊടുമെന്നാണ് കരുതുന്നത്. ജോര്‍ജിയയിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാവിലെ ബഹാമസ് ദ്വീപിലെത്തിയ കാറ്റ് 150 മൈല്‍ വേഗത്തിലാണ് വീശിക്കൊണ്ടിരിക്കുന്നതെങ്കിലും കരയില്‍ വന്‍ നാശമുണ്ടാക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് കാറ്റഗറി 4 ചുഴലിക്കാറ്റായി മാറിയ ഡോറിയന്‍ ബഹാമാസിന്റെ വടക്കന്‍ തീരത്തുകൂടെയാണ് വരുന്നത്. മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ (എന്‍എച്ച്‌സി) നിന്നുള്ള പ്രവചനങ്ങള്‍ ഫ്‌ളോറിഡയിലെ മുഴുവന്‍ പ്രദേശങ്ങളെയും അനിശ്ചിതത്വത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. ഡോറിയനെ പേടിച്ച് ഫ്‌ളോറിഡ, ജോര്‍ജിയ, ദക്ഷിണ, ഉത്തര കരോലിന സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കടല്‍തീരത്തും ഉള്‍നാടുകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. ഡോറിയന്‍ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തിലൂടെ 155 മൈല്‍ വേഗത്തില്‍ വീശിയടിച്ചെക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഫ്‌ളോറിഡയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. കൊടുങ്കാറ്റ് പരിഗണിച്ച് പോളണ്ടിലേക്കുള്ള യാത്ര ട്രംപ് മാറ്റിവച്ചിട്ടുണ്ട്. മേരിലാന്‍ഡിലെ ക്യാമ്പ് ഡേവിഡില്‍ നിന്നും വന്ന ട്രംപ് തന്റെ വിര്‍ജീനിയ ഗോള്‍ഫ് ക്ലബിലായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് ഡേവിഡില്‍വച്ച് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.
ഡോറിയന്‍ 2016ലെ മാത്യു ചുഴലിക്കാറ്റിനെയാണ് ഓര്‍മപ്പെടുത്തുന്നത്. ഫ്‌ളോറിഡ, ജോര്‍ജിയ, ദക്ഷിണ, ഉത്തര കരോലിന എന്നീ തീരപ്രദേശങ്ങളെ വാരിപ്പുണര്‍ന്നു നീങ്ങിയ ആ കാറ്റഗറി 5 ചുഴലിക്കാറ്റ് 47 പേരുടെ മരണത്തിനും കോടിക്കണക്കിന് ഡോളര്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു.
അതുകൊണ്ട് തന്നെ ഡോറിയന്‍ അതിലും ശക്തിയുള്ള ചുഴലിക്കാറ്റായി മാറിയേക്കാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഡോറിയനെ ഭയന്ന് ഇന്നലെ ഫ്‌ളോറിഡയിലെ കെന്‍ഡക്കി സ്‌പേസ് സെന്റര്‍ അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."