കൈതക്കാടുകള്‍ അപ്രത്യക്ഷമായി; തഴപ്പായ നെയ്ത്ത് ഓര്‍മയാകുന്നു
ചേര്‍ത്തല: നാട്ടിന്‍പുറങ്ങളില്‍ കൈതക്കാടുകള്‍ അപ്രത്യക്ഷമായതോടെ തഴപ്പായ നെയ്ത്തും കുറഞ്ഞു. തോടിന്റെ കരയിലും പറമ്പുകളുടെ അതിരുകള്‍ തിരിച്ചും നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവന്നിരുന്ന കൈതകള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളും റോഡുകളും വന്നതോടെയാണ് കൈതക്കാടുകള്‍ ഇല്ലാതായത്. കൈതയില്‍ നിന്നും എടുക്കുന്ന ഓല ഉണക്കിയാണ് പായ നെയ്യുന്നത്. തഴയുടെ ലഭ്യത കുറഞ്ഞതോടെ പായുടെ വിലയും കൂടി. 50 രൂപയ്ക്ക് ലഭിച്ചിരുന്ന പായുടെ വില ഇപ്പോള്‍ 100 രൂപയ്ക്ക് മുകളിലാണ്. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന തഴപ്പായ ഇപ്പോള്‍ അപൂര്‍വമായെ കാണുവാന്‍ കഴിയു. തഴപ്പായകളില്‍ കിടന്നുറങ്ങിയിരുന്നവര്‍ പ്ലാസ്റ്റിക് പായകളിലേക്കും മെത്തകളിലേക്കും മാറി. അപൂര്‍വം ചില വീടുകളില്‍ മാത്രമേ ഇപ്പോള്‍ തഴപ്പായ കാണാന്‍ കഴിയു. തഴപ്പായുടെ ലഭ്യതക്കുറവ് മൂലം വിപണിയില്‍ എത്തുന്ന തഴപ്പായയുടെ എണ്ണവും കുറഞ്ഞു. ഉത്സവകാലത്ത് അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള്‍ സ്ഥലത്തും മാത്രം കിട്ടുന്ന അപൂര്‍വ വസ്തുവായി തഴപായ മാറി. മുന്‍പ് ഓരോ വീടുകളിലും ആവശ്യമുള്ള പായ വീടുകളില്‍ തന്നെ നെയ്‌തെടുക്കുകയായിരുന്നു.
അന്ന് സ്ത്രീകളുടെ പ്രധാന തൊഴിലും നേരംപോക്കുമായിരുന്നു. ആവശ്യമുള്ള പാ സ്വന്തമായി നെയ്‌തെടുക്കുന്നതിനോടൊപ്പം വില്‍പ്പനയും നടത്തിയിരുന്നു. കൈതയോലയുടെ മുള്ളുകള്‍ നീക്കി വെയ്‌ലത്ത് ഉണക്കിയാണ് തഴ ശേഖരിക്കുന്നത്. ഉണക്കിയെടുക്കുന്ന തഴ ചെറിയ കെട്ടുകളാക്കി മാറ്റും. ഇത് ചെറിയ വീതിയില്‍ കീറിയെടുത്താണ് പാ നിര്‍മ്മാണത്തിന് എടുക്കുന്നത്. തഴ കീറിയെടുത്ത് ഊടും പാവും ഇട്ടാണ് നെയ്യുന്നത്. പായുടെ നൂലുകള്‍ നെയ്‌തെടുക്കാന്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കെ കഴിയൂ. വൈക്കം ഉല്ലല, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലേക്കും തഴപ്പ കയറ്റിപ്പോകുന്നത്. പാ നെയ്ത്തുകാര്‍ക്ക് അധ്വാനത്തിനനുസരിച്ച് പ്രതിഭലം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. സാധാരണ ഒരാള്‍ക്ക് ഒരു പായ നെയ്യാന്‍ കഴിയും. എന്നാല്‍ മറ്റു പണികള്‍ ചെയ്താല്‍ ഇതില്‍ കൂടുതല്‍ പണം സമ്പാധിക്കാന്‍ കഴിയുമെന്ന് പാനെയ്ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നു. തഴപ്പ ഉപയോഗിച്ച് വിരിപ്പായകളും ഉണ്ടാക്കാറുണ്ട്. നെല്ലുണക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് പടുതകള്‍ വന്നതോടെ വിരിപ്പായകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞു. കുട്ടനാട്ടില്‍ കൊയ്ത്താരംഭിക്കുമ്പോള്‍ മുന്‍പൊക്കെ പ്രത്യേകം ഓര്‍ഡര്‍ കൊടുത്താണ് വിരിപ്പായകള്‍ വാങ്ങിയിരുന്നത്. തഴപ്പായകളില്‍ വിലയിലും ഗുണത്തിലും മുന്നിലാണ് മെത്തപ്പായ. ചെറിയ തഴയിട്ട് നെയ്യുന്ന മെത്തപ്പായകള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ട്. സാധാരണ പായ്ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ ഇനം തഴ ഉപയോഗിച്ചാണ് മെത്തപ്പായകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം തഴ ലഭിക്കുന്നത് കായംകുളം ഭാഗത്താണ്. രണ്ട് പായകള്‍ കൂട്ടിച്ചേര്‍ത്താണ് മെത്തപ്പായ നെയ്യുന്നത്. ഇതിന് വൈദഗ്ദ്ധ്യം ആവശ്യമുള്ളതിനാല്‍ സാധാരണ പായ നെയ്യുന്നവര്‍ മെത്തപ്പായ നെയ്യാറില്ല. 500 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."