സി.പി.എം ഓഫിസിനു നേരെ ബോംബേറ്; പ്രത്യേക സംഘം അന്വേഷിക്കും
കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുള്ള ബോംബേറിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കും. നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. നടക്കാവ് സി.ഐ. ടി.കെ. അഷ്‌റഫ്, നടക്കാവ് എസ്.ഐ: എസ്. സജീവന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതു പേരാണു സംഘത്തിലുള്ളത്.
ഇന്നലെ പുലര്‍ച്ചെ 1.10 നാണ് കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരന്‍ സ്മാരകമന്ദിരത്തിനു നേരെ അഞ്ചംഗ സംഘം ബോംബെറിഞ്ഞത്. ജില്ലാ സെക്രട്ടറി കാറില്‍ നിന്നിറങ്ങി ഓഫിസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. സ്റ്റീല്‍ ബോംബുകളിലൊന്ന് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫിസ് മുറ്റത്ത് നിന്ന് പൊലിസ് കണ്ടെടുത്തു. സ്‌ഫോടനത്തില്‍ ഓഫിസ് മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറിന്റെ ചില്ലുകളും പൊട്ടി. ബോംബിന്റെ അവശിഷ്ടങ്ങള്‍ തട്ടി ഒന്നാം നിലയിലുള്ള സെക്രട്ടറിയുടെ മുറിയുടെ ചില്ല് പൊട്ടി. താഴെ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ ബോര്‍ഡും കീറിയിട്ടുണ്ട് .
സെക്രട്ടറിയെ കാത്ത് ഓഫിസില്‍ നിന്നിരുന്ന പ്രവര്‍ത്തകര്‍ ശബ്ദം കേട്ട് എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. മതില്‍ ചാടിക്കടന്ന് എ.കെ.ജി. ഹാളിന് പിറകുവശത്തുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫിസിന് മുന്നിലെത്തിയതെന്നാണു കരുതുന്നത്. അക്രമി സംഘം മോഹനന്‍ മാസ്റ്ററെ പിന്തുടര്‍ന്ന് വരികയായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്.
സംഭവമറിഞ്ഞ ഉടന്‍ തന്നെ നടക്കാവ് പോലിസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നു ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. നടക്കാവ് സി.ഐ. ടി.കെ. അഷ്‌റഫ്, മെഡിക്കല്‍കോളജ് സി.ഐ. മൂസ വള്ളിക്കാടന്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിഭാഗം സയിന്റിഫിക് അസി. വി. വിനീതിന്റെ നേതൃത്വത്തില്‍ സ്‌ഫോടനം നടന്ന സ്ഥലത്തെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ജനല്‍ പാളിയില്‍ നിന്നും ജനല്‍ ചില്ലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഒന്‍പതു ടവറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ പൊലിസ് ശേഖരിക്കുന്നുണ്ട്. ബോംബേറു നടന്നതിനു അരമണിക്കൂര്‍ മുമ്പു മുതലുള്ള കോളുകളാണു പരിശോധിക്കുന്നത്.
നഗരത്തില്‍ സ്റ്റീല്‍ ബോംബുകള്‍ നിര്‍മിക്കാനോ അതു സൂക്ഷിച്ചു വയ്ക്കാനോ സാധ്യതയില്ലെന്നാണു പൊലിസ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ സമീപത്തെ കടകളിലുള്ള കാമറകളും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."