ഹര്‍ത്താല്‍ പൂര്‍ണം; തമ്മില്‍തല്ലി പാര്‍ട്ടികള്‍
കോഴിക്കോട്: രാത്രിയുടെ മറവില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ നടന്നത് വ്യാപക അക്രമം. പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി.
റെയില്‍വേസ്‌റ്റേഷന്‍ ലിങ്ക് റോഡിലെ ബി.എം.എസ് ഓഫിസ്, കല്ലായ് റോഡിലെ എ.ബി.വി.പി ഓഫിസ്, കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബി.എം.എസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫിസ്, സമീപത്തെ ഹോട്ടല്‍ എന്നിവയ്ക്കുനേരെയും പാളയത്തെ കര്‍ണാടക ബാങ്കിനു നേരെയും അക്രമമുണ്ടായി.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ മതില്‍ തകര്‍ക്കുകയും ബോര്‍ഡുകളും കൊടികളും നശിപ്പിക്കുകയും ചെയ്തു. ഓഫിസിനുള്ളിലെ കസേരകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു.
ഫയലുകള്‍ വാരിവലിച്ചിട്ടു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തകര്‍ത്ത ഫര്‍ണിച്ചറുകളില്‍ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞതായും ബി.എം.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മസ്ദൂര്‍ ഭാരതി ഓഫിസിന്റെയും കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാളിന്റെയും ചില്ലുകളാണു തകര്‍ക്കപ്പെട്ടത്. കല്ലേറില്‍ മസ്ദൂര്‍ഭാരതി ഓഫിസ് സ്റ്റാഫ് കെ.പി. അഖിലേഷിന് പരുക്കേറ്റു. അഖിലേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്നു ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്‌കൂളുകളും ഇന്നലെ പ്രവര്‍ത്തിച്ചിരുന്നില്ല.
മുന്നറിയിപ്പില്ലാതെയുള്ള ഹര്‍ത്താലായതിനാല്‍ ജില്ലയ്ക്കു പുറത്തു നിന്നും മറ്റും റെയില്‍വേസ്‌റ്റേഷനില്‍ വന്നിറങ്ങയ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. ഇരുചക്രവാഹനത്തിലും പൊലിസ് വാഹനത്തിലുമായിരുന്നു ട്രെയിന്‍യാത്രക്കാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. ഭക്ഷണം കിട്ടാനും ഏറെ ബുദ്ധിമുട്ടുണ്ടായി.
പെട്രോള്‍ പമ്പുകളും അടഞ്ഞു കിടന്നു. പാവമണി റോഡില്‍ സിവില്‍ സപ്ലൈസിന്റെ പെട്രോള്‍ പമ്പ് മാത്രമാണു തുറന്നു പ്രവര്‍ത്തിച്ചത്. ഇവിടെ പെട്രോളിനായി എത്തിയ ഇരുചക്രവാഹനങ്ങളുടെ വന്‍ നിരയായിരുന്നു.
വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു തടയരുതെന്നു സി.പി.എം ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലാതിനാല്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണു വാഹനങ്ങളെ ഒഴിവാക്കിയത്. എന്നാല്‍ ചിലയിടങ്ങളില്‍ റോഡിലിറങ്ങിയ വാഹനങ്ങളെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സി.പി.എം നേതൃത്വം ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്.
കെ.എസ്.ആര്‍.ടി.സി. സര്‍വിസുകള്‍ സാധാരണ നിലയില്‍ നടത്തിയിട്ടുണ്ട്. ഏതാനും ചില സ്വകാര്യ ബസുകളും സര്‍വിസ് നടത്തി. ഇരുചക്രവാഹനങ്ങള്‍ സാധാരണ പോലെ നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ വാഹനങ്ങളും ചരക്കുലോറികളും നിരത്തിലിറങ്ങിയത് കുറവായിരുന്നു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ പലയിടത്തും ബി.ജെ.പി, ആര്‍.എസ്.എസ്, സി.പി.എം ഓഫിസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, തുടങ്ങി അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
മുക്കത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ രാവിലെ തുറന്ന കടകളും ബാങ്കുകളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളടക്കമുള്ളവ നിര്‍ബന്ധിച്ച് അടപ്പിച്ചു. മുക്കം പി.സി ജംഗ്ഷനിലും ആലിന്‍ ചുവട്ടിലുമായി ബി.എം.എസിന്റെ മൂന്ന് കൊടിമരങ്ങളും ബി.ജെ.പിയുടെ ഒരു കൊടിമരവും നശിപ്പിക്കപ്പെട്ടു.
ദൂരെ ദിക്കില്‍ നിന്നും നാദാപുരം ടൗണില്‍ എത്തിച്ചേര്‍ന്ന യാത്രക്കാര്‍ക്ക് പൊലിസിന്റെ സേവനം ആശ്വാസമായി. പൊലിസിന്റെ വാഹനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.ഹര്‍ത്താല്‍ അറിയാതെ ട്രെയിന്‍ മാര്‍ഗം വടകരയിലെത്തിയവര്‍ കിട്ടിയ വാഹനത്തില്‍ നാദാപുരത്തെത്തുകയായിരുന്നു.ഇവിടെ നിന്നും ഇവരെ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു .
ചെറുവണ്ണൂരില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്, ബി.ജെ.പി ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഫറോക്കിലെ ഓഫിസ് എന്നിവക്കു നേരെ അക്രമമുണ്ടായി. ഫ്‌ളക്‌സ് നിര്‍മാണ യൂനിറ്റ്, ബസ് സ്്‌റ്റോപ്പുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയ ഹര്‍ത്താലിനിടെ തകര്‍ത്തു.
വടകരയില്‍ വ്യാഴാഴ്ച വൈകീട്ട് കല്ലേറിന് ഇരയായ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായി. സമീപത്തെ തെങ്ങില്‍ കൊണ്ടാണ് ബോംബ് പൊട്ടിയത്. കാര്യാലയത്തിലെ പ്രവര്‍ത്തകരും സമീപത്തു കാവല്‍ നില്‍ക്കുന്ന പൊലിസുകാരും ശബ്ദം കേട്ട് എത്തിയപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു.
ഇന്നലെ രാവിലെ നടന്ന തെരച്ചിലില്‍ പരിസരത്ത് നിന്നു പൊട്ടാത്ത ഒരു ബോംബ് കണ്ടെടുത്തു. ഇത് പിന്നീട് ബോംബ്‌സ്‌ക്വാഡ് നിര്‍വീര്യമാക്കി.
പഴങ്കാവില്‍ കൈരളി വായനശാല പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍ സ്മാരക മന്ദിരത്തിനു നേരെ വ്യാഴാഴ്ച രാത്രി അക്രമമുണ്ടായി. ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തിരിക്കുകയാണ്. സഞ്ചിയില്‍ കല്ല് നിറച്ച് ജനല്‍ തകര്‍ക്കുകയായിരുന്നുവെന്നു കരുതുന്നു. സഞ്ചിയും കല്ലും സമീപത്തു കണ്ടെത്തി.
ഹര്‍ത്താലിനിടയില്‍ വടകരയില്‍ മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു. കല്ലേില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റു. രണ്ടു ബസുകള്‍ പുതിയ സ്റ്റാന്റ് പരിസരത്തും ഒന്ന് അടക്കാത്തെരു ജങ്ഷനിലുമാണ് തകര്‍ക്കപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയവര്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇവയുടെ ഗ്ലാസുകള്‍ പാടേ തകര്‍ന്നു. കല്ലും ഗ്ലാസ് ചീളുകളും കൊണ്ടാണ് യാത്രക്കാര്‍ക്കു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."