തടസം നില്‍ക്കുന്നവരെ മാറ്റുന്നത് നിസ്സാരം: മുഖ്യമന്ത്രി
കൊല്ലം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയും ആര്‍.എസ്.എസിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ദര്‍ശനത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നും അവിടെ ക്യാംപ് ചെയ്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണി കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതക്ക് തടസം നില്‍ക്കുന്നവരെ മാറ്റിനിര്‍ത്തുന്നത് നിസാരമാണ്. തീര്‍ഥാടനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിക്കും. തീര്‍ഥാടകര്‍ തങ്ങുന്നതില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. നിലക്കല്‍ മുതല്‍ തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കും. ശബരിമലയില്‍ ഭക്തര്‍ക്കു വന്ന് ദര്‍ശനവും മറ്റു പൂജാദികര്‍മങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും.
ശബരിമലയില്‍ ദിവസവും താങ്ങാവുന്നവരെ മാത്രമേ കടത്തിവിടൂ. ദര്‍ശനം നടത്തി മടങ്ങണം. ആര്‍.എസ്.എസ് വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ വര്‍ഗീയ വികാരം കുത്തിയിളക്കുകയാണ്. ഇക്കാര്യത്തില്‍ ചേരാന്‍ പാടില്ലാത്തവര്‍ പലരും ചേര്‍ന്നു. എന്നാല്‍ മതനിരപേക്ഷത തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കം പരാജയപ്പെടുകയായിരുന്നു.
സുപ്രിംകോടതിവിധി നിയമമാണ്. അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നടപ്പാക്കാതെ പുനരാലോചനാ ഹരജിയുമായി ചെന്നാല്‍ അപഹാസ്യരാകും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പ്രത്യേകം നിലപാടില്ല. അവിടുത്തെ ചരിത്രം പരിശോധിച്ചാല്‍ നേരത്തേ പല സ്ത്രീകളും കുട്ടികളുടെ ചോറൂണിന് ഉള്‍പ്പെടെ പോയിട്ടുണ്ട്്.
തിരുവിതാംകൂര്‍ രാജാവിനൊപ്പം റാണിയും ദര്‍ശനത്തിനു പോയിരുന്നു. നേരത്തേ കുമ്മനം രാജശേഖരന്‍ സ്ത്രീകള്‍ പ്രവേശിച്ചത് സംബന്ധിച്ചു തന്ത്രിക്കു അയച്ച കത്തും അതിന്റെ മറുപടിയും കോടതിയില്‍ എത്തിയിരുന്നു.
1991ല്‍ ശബരിമലയില്‍ യുവതികള്‍ കയറരുതെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. 1996ലും 2006ലും അന്നത്തെ ഇടതുസര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കുകയായിരുന്നു. വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയില്‍ പോയതുമില്ല.
ഈ സര്‍ക്കാരും കേസിന്റെ വാദത്തിനിടെ ഏതു വിധിയായാലും നടപ്പാക്കാമെന്ന സത്യവാങ്മൂലമാണ് നല്‍കിയത്. ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചായിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കുമായിരുന്നു.
നാടിനെ പുറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നീങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കണം.
പല കാര്യങ്ങളിലും എതിര്‍ ശബ്ദമുയരാറുള്ള കോണ്‍ഗ്രസില്‍ ശബരിമല വിഷയത്തില്‍ ഒന്നുമുണ്ടായില്ല. കോണ്‍ഗ്രസ് ബി.ജെ.പിക്കു കൂടെ ഓടുന്ന കാഴ്ചയാണ് കണ്ടത്. സ്വയം അപഹാസര്യരാകുകയായിരുന്നു കോണ്‍ഗ്രസുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."