പഴമയുടെ പെരുമയില്‍ രേവതി പട്ടത്താനം
കോഴിക്കോട്: വൈദികപാരമ്പര്യത്തിന്റെ അണയാത്ത ഓര്‍മകളോടെ പണ്ഡിതരെ വണങ്ങുന്ന ചരിത്രവുമായി രേവതി പട്ടത്താനം ആഘോഷിച്ചു. തളി ക്ഷേത്രത്തിലെ വൈദിക കര്‍മങ്ങള്‍ക്കുശേഷം സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ തയാറാക്കിയ പട്ടത്താനശാലയിലാണ് പഴമയുടെ പെരുമയുമായി രേവതി പട്ടത്താനം നടന്നത്.
രാവിലെ മൂന്നു വേദങ്ങളിലും മറുജപം, മഹാദേവനും ശ്രീകൃഷണ ഭഗവാനും ഉദയാസ്തമന പൂജ, നരസിംഹമൂര്‍ത്തിക്ക് നവകം, പഞ്ചഗവ്യത്തോടു കൂടിയ വിശേഷാല്‍ പൂജ എന്നിവയും നടന്നു. കുടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതനായ പാണ്ടമ്പറമ്പത്ത് കുഞ്ചുണ്ണി ഭട്ടതിരിപ്പാടിന് പട്ടത്താന സദസ് നടന്നിരുന്ന വാതില്‍മാടത്തില്‍ വച്ച് സാമൂതിരി കെ.സി ഉണ്ണിഅനുജന്‍ രാജ പണക്കിഴി നല്‍കി ആദരിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് തളിക്ഷേത്രത്തില്‍ നിന്ന് തെളിയിച്ച ദീപനാളവുമായി പഞ്ചവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ആനഎഴുന്നള്ളത്തുമായി പട്ടത്താനസദസ് നടക്കുന്ന സാമൂതിരി സ്‌കൂളിലേക്ക് ഘോഷയാത്ര നടന്നു. ഘോഷയാത്ര പട്ടത്താന സദസിലേക്ക് പ്രവേശിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഏഴിമല നാവിക അക്കാദമി സ്റ്റേഷന്‍ കമാന്‍ഡര്‍ കമലേഷ്‌കുമാര്‍ ഈ വര്‍ഷത്തെ പട്ടത്താനസദസ് ഉദ്ഘാടനം ചെയ്തു. മനോരമ തമ്പുരാട്ടി പുരസ്‌കാരം പ്രൊഫ. കെ.പി ശങ്കരന് ഉണ്ണിഅനുജന്‍ രാജ സമ്മാനിച്ചു. ഗുരുവായൂര്‍ ദേവസ്വം മാനേജര്‍ ഹരിദാസ് അന്നമടയ്ക്ക് രേവതി പട്ടത്താനസമിതി ആചാര്യപദവി നല്‍കി ആദരിച്ചു. ഹരിദാസ് അന്നമട പ്രഭാഷണം നടത്തി. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വി.കെരാജേഷ് സംസാരിച്ചു.
തുടര്‍ന്ന് കടലൂര്‍ ശ്രീദാസ് നമ്പൂതിരിയും മറ്റുവൈദികരും യജുര്‍വേദ സംഹിതയ്ക്ക് നേതൃത്വം നല്‍കി. വാക്യാര്‍ത്ഥ സദസില്‍ ഡോ. ഇ.എന്‍ ഈശ്വരന്‍, ഒ.എസ് സുധീഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അക്ഷരശ്ലോക സദസും പ്രഭാഷണങ്ങളും നടന്നു. വൈകിട്ട് സമാപന സമ്മേളനത്തിന് ശേഷം തിരുവാതിരകളിയും കൃഷ്ണനാട്ടവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."