വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
കല്‍പ്പറ്റ: ധനമന്ത്രി 2016-17ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. നിര്‍വഹണത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായതിനു പിന്നാലെ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുടിശിക വായ്പകളുടെ പലിശ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയിലും തീരുമാനമായി.
ഇതോടെ ദേശസാത്കൃത, വാണിജ്യബാങ്കുകള്‍ പദ്ധതിയുമായി നിസഹകരിക്കുമെന്ന ആശങ്ക നീങ്ങി. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ ആയിരക്കണക്കിനു കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് തിരിച്ചടവ് സഹായ പദ്ധതി. പൊതു വിഭാഗത്തില്‍ 2016 ഏപ്രില്‍ ഒന്നിനു കുടുംബവാര്‍ഷിക വരുമാനം ആറു ലക്ഷം രൂപ കവിയാത്ത ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍നിന്നുള്ള കുടിശികക്കാരാണ് പദ്ധതി ഗുണഭോക്താക്കള്‍. 40 ശതമാനം വൈകല്യമുള്ള വിദ്യാര്‍ഥികളുടെ കുടുംബവാര്‍ഷിക വരുമാന പരിധി ഒന്‍പത് ലക്ഷം രൂപയായിരിക്കും.
അംഗീകൃത സാങ്കേതിക, പ്രഫഷണല്‍ കോഴ്‌സുകളുടെ പഠനത്തിനു ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍, സഹകരണ ബാങ്കുകളില്‍നിന്നു വായ്പയെടുത്തവര്‍ക്കാണ് പദ്ധതി ബാധകം. വിദ്യാഭ്യാസ വായ്പകളെ നോണ്‍ എന്‍.പി.എ(നോണ്‍ പെര്‍ഫോമിങ് അക്കൗണ്ട്), 2016 മാര്‍ച്ച് 31നോ അതിനു മുന്‍പോ എന്‍.പി.എ ആയത് എന്നിങ്ങനെ തരംതിരിച്ചാണ് തിരിച്ചടവിന് സര്‍ക്കാര്‍ സഹായം. ആദ്യവിഭാഗത്തില്‍ ഒന്‍പത് ലക്ഷം രൂപ വരെയുള്ളതില്‍ 2016 ഏപ്രില്‍ ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങിയ വായ്പകള്‍ക്കാണ് ആനുകൂല്യം. മുതലും പലിശയും ഉള്‍പ്പെടെ ആദ്യവര്‍ഷത്തെ തിരിച്ചടവ് തുകയുടെ 90ഉം രണ്ടാം വര്‍ഷത്തില്‍ 75ഉം മൂന്നാം വര്‍ഷത്തില്‍ 50ഉം നാലാം വര്‍ഷത്തില്‍ 25ഉം ശതമാനം സര്‍ക്കാര്‍ വഹിക്കും. ബാക്കി വായ്പക്കാരന്റെ വിഹിതമാണ്. ഗുണഭോക്താവ് ബന്ധപ്പെട്ട വര്‍ഷത്തെ വിഹിതം അടച്ചുവെന്ന് ബാങ്ക് സാക്ഷ്യപ്പെടുത്തുന്ന മുറക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക.
2016 ഏപ്രില്‍ ഒന്നിന് ആരംഭിച്ച് 2017 മാര്‍ച്ച് 31ന് അവസാനിക്കുന്ന ആദ്യ വര്‍ഷത്തില്‍ വായ്പക്കാരന്‍ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ഇതിന്റെ 90 ശതമാനം ബാക്കി നില്‍ക്കുന്ന തുകയിലേക്ക് സര്‍ക്കാര്‍ സഹായമായി വരവുവക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 2016 മാര്‍ച്ച് 31നോ മുന്‍പോ എന്‍.പി.എ ആയ നാലുലക്ഷം രൂപ വരെയുള്ള വായ്പകളില്‍ പലിശ ബാങ്കും മുതലിന്റെ 60 ശതമാനം സര്‍ക്കാരും വഹിക്കുന്ന വിധത്തിലാണ് സഹായം. ഗുണഭോക്താവ് മുതലിന്റെ 40 ശതമാനം മുന്‍കൂര്‍ അടക്കണം. മുതലിലേക്ക് നേരത്തെ അടച്ച തുക വിഹിതത്തിന്റെ ഭാഗമായി കണക്കാക്കും. നേരത്തേ നടത്തിയതില്‍ 40 ശതമാനത്തിനു മുകളിലുള്ള അടവുകള്‍ സര്‍ക്കാര്‍ വിഹിതത്തില്‍ ചേരും. 2016 മാര്‍ച്ച് 31വരെ എന്‍.പി.എ ആയതില്‍ നാല് ലക്ഷം രൂപ മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ പ്രത്യേക പാക്കേജിലൂടെ ഇടപാടു തീര്‍ക്കാന്‍ ബാങ്കുകള്‍ സന്നദ്ധമായ കേസുകളില്‍ ബാക്കി നില്‍ക്കുന്ന മുതലിന്റെ 50 ശതമാനം(പരമാവധി 2,40,000രൂപ) സര്‍ക്കാര്‍ വഹിക്കും.
രോഗങ്ങളോ അപകടങ്ങളോ മൂലം സ്ഥിരമായ ശാരീരിക മാനസിക വൈകല്യം സംഭവിച്ചവരുടെയും പഠന, വായ്പ കാലയളവില്‍ മരണപ്പെട്ടവരുടെയും കുടിശികയില്‍ പലിശകള്‍ ഒഴിവാക്കാന്‍ ബാങ്കുകള്‍ സന്നദ്ധമായാല്‍ മുതല്‍ പൂര്‍ണമായും സര്‍ക്കാര്‍ അടക്കും. ഇതിനു ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ടവര്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."