മോദി സര്‍ക്കാര്‍ ജമ്മുകശ്മിരിനെ ഇല്ലാതാക്കി ജനങ്ങളെ ബന്ദികളാക്കി: നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജന്‍ഡ: പ്രകാശ് കാരാട്ട്
കോഴിക്കോട്: മോദി സര്‍ക്കാര്‍ ജമ്മുകശ്മിര്‍ സംസ്ഥാനത്തെ ഇല്ലാതാക്കിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഓഗസ്റ്റ് ഏഴോടെ 29 സംസ്ഥാനങ്ങളുടെ സ്ഥാനത്ത് 28ആക്കി മാറ്റുകയായിരുന്നു. മുസ്‌ലിംകള്‍ കൂടുതലുള്ളതിനാല്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇല്ലാതാക്കുകയെന്ന വര്‍ഗീയ നയമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് കേളുവേട്ടന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായിട്ടുപോലും ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ സന്മനസുകാണിച്ചവരാണ് കാശ്മീരികള്‍. എന്നാല്‍ ജമ്മു കശ്മീരില്‍ രാജഭരണം തുടരണമെന്നും ഇന്ത്യയില്‍ ലയിക്കരുതെന്നുമായിരുന്നു അക്കാലത്ത് അവിടുത്തെ ആര്‍.എസ്.എസിന്റെ നിലപാട്.
പ്രജാപരിഷത്ത് എന്ന അന്നത്തെ ആര്‍.എസ്.എസ് സംഘടന ഈ നിലപാടാണെടുത്തത്. 370ാം വകുപ്പാണ് സംസ്ഥാനത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്ന ബി.ജെ.പി എന്തു കൊണ്ടാണ് മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പദവി എടുത്തുകളായത്തതെന്നും അദ്ദേഹം ചോദിച്ചു.
കശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന നിലപാട് സംഘപരിവാറിന് നേരത്തെയുള്ള അജന്‍ഡയാണ്.
അവരിപ്പോള്‍ അവിടുത്തെ ജനങ്ങളെ ബന്ദികളാക്കിയിരിക്കുന്നു. മോദിയും അമിത്ഷായും ഭരിച്ച ഗുജറാത്തിനേക്കാള്‍ എത്രയോ പുരോഗതിപ്രാപിച്ച സംസ്ഥാനമാണ് ജമ്മുകശ്മീരെന്നും അദ്ദേഹം പറഞ്ഞു. തടവിലാക്കപ്പെട്ട ആ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പാക്കാനും അവര്‍ക്കുവേണ്ടി ശബ്ദിക്കാനും മതേതര ജനാധിപത്യ കക്ഷികള്‍ ഒറ്റക്കെട്ടായി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."