ഇന്ത്യ ചരിത്രം തിരുത്തി, അബ്ദുല്‍ നാസറിന്റെ തന്ത്രങ്ങളില്‍
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: വോളിബോളിന്റെ കൈക്കരുത്തിന് പേരുകേട്ട രാജ്യം സ്വപ്നം കണ്ട ലോകചാംപ്യന്‍ഷിപ്പിലേക്ക് ഇത്തവണ ഇന്ത്യ നടന്നു കയറിയപ്പോള്‍ കൈക്കരുത്തില്‍ വാര്‍ത്തെടുത്ത വിദ്യകള്‍ കൊണ്ട് ടീമിന് തുണയായത് സഹപരിശീലകനായ കോഴിക്കോട്ടുകാരന്‍. 2004 മുതല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പരിശീലകനായി സേവനമനുഷ്ടിക്കുന്ന കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലെ താമസക്കാരനായ കുനിയില്‍ അബ്ദുല്‍ നാസര്‍ എന്ന പരിശീലകന്റെ കൂടി മികവിലാണ് രാജ്യം ആദ്യമായി ഒരു ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതല്‍ 13 വരെ മ്യാന്‍മറിലെ നൈ-ഫീ-ഡാ പട്ടണത്തിലായിരുന്നു അണ്ടര്‍ 23 ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ്. ഇവിടെ കരുത്തരായ ടീമുകളെ മലര്‍ത്തിയടിച്ച് ഇന്ത്യ ഫൈനലിലെത്തി. കലാശപ്പോരില്‍ ശക്തരായ ചൈനീസ് തായ്‌പേയോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അടിയറവ് പറഞ്ഞെങ്കിലും പോരാട്ടവീര്യം കൊണ്ട് അവര്‍ ലോക ചാംപ്യന്‍ഷിപ്പിലേക്ക് കൂടി യോഗ്യത നേടിയാണ് മ്യാന്‍മറില്‍ നിന്ന് മടങ്ങിയത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് ചരിത്രത്തില്‍ ആദ്യമായി ദേശീയ സര്‍വകലാശാല ചാംപ്യന്‍ഷിപ്പ് നേടിക്കൊടുത്ത ടീമിനെ നയിച്ച അബ്ദുല്‍ നാസര്‍ രാജ്യം ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കുമ്പോഴും താരമായി മുന്നിലുണ്ടായിരുന്നു. അന്ന് നായകനായും വോളിബോളിന്റെ നെടുംതൂണ്‍ പൊസിഷനായ ബ്ലോക്കറിലുമായിരുന്നു തിളങ്ങിയതെങ്കില്‍ ഇത്തവണ രാജ്യത്തിനായി സഹപരിശീലകന്റെ റോളിലായിരുന്നു മികവ് പ്രകടിപ്പിച്ചത്. കളിക്കളത്തില്‍ നിന്ന് താന്‍ ആര്‍ജിച്ചെടുത്ത അറിവുകള്‍ താരങ്ങളിലേക്ക് പകര്‍ന്ന് നല്‍കി സ്വപ്നനേട്ടം കൊയ്താണ് നാസര്‍ തിരികെയെത്തിയത്.
1992ല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ കളിക്കാരനായി എത്തിയ നാസര്‍ 2004 മുതല്‍ ഇവിടെ കോച്ചായി സേവനമനുഷ്ടിക്കുകയാണ്. 2000ലും 2001ലും തുടര്‍ച്ചയായി കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ ബ്ലോക്കര്‍ പൊസിഷനില്‍ മികവ് കാട്ടിയത് നാസറായിരുന്നു. ഇതിന് ശേഷം പരിശീലക വേഷമണിഞ്ഞ അബ്ദുല്‍ നാസര്‍ വോളിബോളില്‍ നിരവധി നേട്ടങ്ങളാണ് കൈപ്പിടിയിലൊതുക്കിയത്. ആ നേട്ടങ്ങള്‍ ഇന്നെത്തി നില്‍ക്കുന്നത് ലോക ചാംപ്യന്‍ഷിപ്പിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരള ടീമിനെ പരിശീലിപ്പിച്ച നാസറിന്റെ ശിക്ഷണത്തില്‍ കേരളം രണ്ട് തവണ ദേശീയ ചാംപ്യന്‍മാരും രണ്ടുതവണ റണ്ണറപ്പുമായി. ഈ പരിശീലന മികവാണ് അണ്ടര്‍-23 ടീമിന്റെ സഹപരിശീലക കുപ്പായത്തിലേക്ക് നാസറിനെ എത്തിച്ചത്. അതിനിടെ ദേശീയ ബീച്ച് വോളി ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള വനിതാ ടീമിന്റെ പരിശീലകനായും നാസര്‍ തിളങ്ങി. നാദാപുരത്തിനടുത്ത് ചിറമോത്ത് കുനിയില്‍ കുഞ്ഞബ്ദുല്ല കുട്ടി മാസ്റ്ററുടെയും കുഞ്ഞാമിയുടെയും മകനായി ജനിച്ച നാസറിന് വോളിബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് വളയം ഗവ. ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന പോക്കര്‍ മാഷാണ്. തുടര്‍ന്ന് പ്രീഡിഗ്രി മുതല്‍ ഡിഗ്രി വരെയുള്ള കാലഘട്ടത്തില്‍ മൊകേരി ഗവ. കോളജിലെ കായികാധ്യാപനായിരുന്ന എം.വി അശോകന്‍ നാസറിലെ വോളിബോള്‍ താരത്തെ രാകിമിനുക്കി മൂര്‍ച്ച കൂട്ടിയെടുത്തു. ഇവര്‍ നല്‍കിയ പാഠങ്ങളാണ് ഇക്കാലമത്രയും തന്റെ കായിക ജീവിതത്തില്‍ തന്നെ മുന്നോട്ട് നടയിച്ചതെന്നാണ് അബ്ദുല്‍ നാസറിന്റെ പക്ഷം. കുടുംബം നല്‍കിയ പൂര്‍ണ പിന്തുണയും ദേശീയ സര്‍വകാലാശാല ടീമിനെ നയിക്കുന്നതില്‍ വരെ തനിക്ക് പ്രചോദനമായെന്നും നാസര്‍ പറയുന്നു. ഭാര്യ ബെന്‍യാസും മക്കളായ അഷീഖ, ആഖിബ്, ഫാത്തിമ എന്നിവരും തന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചവരാണെന്നാണ് നാസറിന്റെ അഭിപ്രായം. ഇനി ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നാണ് നാസര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."