ദില്‍ഷ മൂലശ്ശേരി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
തിരൂര്‍: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ദില്‍ഷ മൂലശ്ശേരിയെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി വസന്തയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രതിനിധിയായ ദില്‍ഷ വെട്ടം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ജില്ലാ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയരക്ടര്‍ ഉസ്മാന് ശരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് വരണാധികാരിക്ക് മുന്നില്‍ ദില്‍ഷ മൂലശ്ശേരി സത്യവാചകം ചൊല്ലി അധികാരമേറ്റു.
ഭരണം രണ്ടര വര്‍ഷം പിന്നിട്ടതോടെ മുന്‍ ധാരണപ്രകാരം മുസ്ലിം ലീഗിലെ ആര്.കെ ഹഫ്സത്ത് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതോടെ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ അഡ്വ. പി നസറുള്ള സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും. 15 സീറ്റുകളുള്ള തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫ് എട്ടും എല്‍.ഡി.എഫ് ഏഴും സീറ്റുകളുമാണുള്ളത്. അനുമോദന യോഗത്തില്‍ എം. അബ്ദുല്ലക്കുട്ടി, വെട്ടം ആലിക്കോയ, ആര്.കെ ഹഫ്സത്ത്, അഡ്വ. പി. നസ്റുല്ല, ഫൈസല്‍ ഇടശേരി, പി.പി മെഹ്റുന്നിസ, കുഞ്ഞീതുട്ടി ഹാജി, സി.പി ശുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."