നാലുമാസത്തിനിടെ പിടിയിലായത് എട്ടുപേര്‍
വളാഞ്ചേരി: പരിശോധന കര്‍ശനമാക്കുമ്പോഴും നിരോധിത ലഹരി വില്പന സംഘങ്ങള്‍ സജീവം. നാലുമാസത്തിനിടെ പ്രദേശത്തുനിന്നും എക്‌സൈസിന്റെയും പൊലിസിന്റെയും പിടിയിലായത് ഏട്ടുപേര്‍. വട്ടപ്പാറയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി തിണ്ഡലം സ്വദേശി അബ്ദുള്‍അമീര്‍(28), ഒറ്റപ്പാലം പനമണ്ണ മൂച്ചിക്കല്‍ സ്വാദിഖ്(19) എന്നിവര്‍ നാലുകിലോ കഞ്ചാവുമായി വളാഞ്ചേരി പൊലിസിന്റെ പിടിയിലായിരുന്നു. പാക്കറ്റുകളിലാക്കി കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ വലയിലായത്.
വിദ്യാര്‍ഥികള്‍ക്കു വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവു പൊതികളുമായി കുറ്റിപ്പുറം മൂടാല്‍ തോട്ടത്തില്‍ താജുദ്ദീന്‍ (63), വിദേശ മദ്യവുമായി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ അബൂബക്കര്‍(57) പിടിയിലായിരുന്നു. വളവന്നൂര്‍ പുതുക്കുടി വീട്ടില്‍ ഷാഹുല്‍ ഹമീദ്(27), കടുങ്ങാത്തുകുണ്ട് അമ്പലകുളങ്ങര മുബീനുല്‍ ഹഖ്(26), പുത്തനത്താണി ആണ്ടികടവത്ത് മുനീര്‍(26), കല്‍പ്പകഞ്ചേരി സ്വദേശി അര്‍ഷാദ്(32) എന്നിവരെയാണു കുറ്റിപ്പുറം എക്‌സൈസ് പിടികൂടിയത്. ഇവര്‍ മുന്‍പ് പല തവണ കഞ്ചാവ് വില്‍പ്പനക്ക് പിടിയിലായിട്ടുള്ളവരാണ്.
തമിഴ്‌നാട്ടിലെ മൊത്ത വില്‍പ്പനക്കാരില്‍ നിന്നു കേരളത്തിലേക്കു കഞ്ചാവു നേരിട്ടെത്തിക്കുന്ന സംഘത്തിലുള്ളവരാണു പ്രതികള്‍.
കസ്റ്റഡിയിലായ പ്രതികളുടെ ഫോണിലേക്കു പല കോളജ് വിദ്യാര്‍ഥികളുടെ സംഘങ്ങളും കഞ്ചാവ് ആവശ്യപ്പെട്ടു വിളിച്ചിരുന്നു.
ജില്ലയില്‍ തങ്ങളുടെ കസ്റ്റമേഴ്‌സ് കൂടുതലും കോളേജ് വിദ്യാര്‍ഥികളാണെന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പാണ്ടികശാല താഴെ അങ്ങാടിയില്‍ കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചതിന് യുവാവിനെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പലരും പൊലിസ് പിടിയിലാകുന്നുണ്ടെങ്കിലും കണ്ണികളിലെ ചെറിയൊരു വിഭാഗം മാത്രമാണ് അഴിക്കുള്ളിലാകുന്നത്. പ്രദേശത്തെ മദ്യശാലകള്‍ നിര്‍ത്തലാക്കിയതോടെയാണ് അനധികൃത ലഹരി ഉല്പന്നങ്ങള്‍ വ്യാപകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."