ജില്ലയില്‍ സ്ത്രീ സുരക്ഷ ശക്തമാക്കും
സജീര്‍ കാടാച്ചിറ
കണ്ണൂര്‍: ജില്ലയില്‍ ഇനി സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുണ്ടായാല്‍ പിടിവീഴുമെന്നുറപ്പ്. ഇതിനോടനുബന്ധിച്ച് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വനിതാ സുരക്ഷാ ഓഫിസര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടായാല്‍ വനിതാ സുരക്ഷാ ഓഫിസറുടെ ടോള്‍ ഫ്രീ നമ്പറായ (മിത്ര) 181 ലോ 8281999064 എന്ന നമ്പറിലേക്കോ വിളിച്ച് പരാതികള്‍ നല്‍കാം. കത്ത് മുഖേനയോ (ഇമെയില്‍ ംുീസിൃ2018@ഴാമശഹ.രീാ) വഴിയോ പരാതി വനിതാ സുരക്ഷാ ഓഫിസര്‍ക്കു കൈമാറാം. ഓഫിസര്‍ പരാതി അന്വേഷിക്കുകയും മജിസ്‌ട്രേറ്റ് കോടതിയില്‍ ഡി.ഐ.ആര്‍ (ഡെമെസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) സമര്‍പ്പിക്കുന്നതോടെ എതിര്‍കക്ഷിക്കെതിരേ കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യും. കേസില്‍ ഇരയ്ക്ക് സൗജന്യ നിയമസഹായവും ലഭിക്കും.
അതേസമയം വര്‍ഷങ്ങളായി ഭര്‍ത്താക്കന്മാരില്‍നിന്ന് ഗാര്‍ഹിക അതിക്രമം അനുഭവിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതായും സ്ത്രീകള്‍ക്ക് പരാതി പറയാന്‍ അറിയാത്തതാണ് പീഡനം വര്‍ഷങ്ങളായി തുടരാന്‍ കാരണമെന്നും വനിതാ സുരക്ഷാ ഓഫിസര്‍ പി. സുലജ പറഞ്ഞു.
വര്‍ഷങ്ങളായി തിരിഞ്ഞുനോക്കാത്ത ഭര്‍ത്താവില്‍നിന്ന് വിവാഹമോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി കഴിഞ്ഞദിവസം നല്‍കിയ പരാതിയില്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും വനിതാ സുരക്ഷാ വിഭാഗം നടത്തും. അതിക്രമം നേരിടുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പഴയങ്ങാടി, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളില്‍ പുനരധിവാസവും ഉറപ്പാക്കും. കൂത്തുപറമ്പിലെ നിര്‍ഭയ സെന്ററില്‍ നിന്ന് ഏകജാലക സംവിധാനത്തിലൂടെ നിയമസഹായവും ഒരുക്കും. മട്ടന്നൂര്‍ ശിവപുരത്ത് ആരംഭിക്കുന്ന നിര്‍ഭയ സെന്ററില്‍ പുനരധിവാസം ആരംഭിച്ചു. ഉദ്ഘാടനം വൈകാതെ നടക്കും. ഒന്നു മുതല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച വനിതാ സുരക്ഷാ ഓഫിസര്‍ക്ക് ഇതിനകം 20 പരാതികളാണു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."