ബദര്‍ നല്‍കുന്ന സന്ദേശം
റമദാന്‍ വ്യക്തിയിലും സമൂഹത്തിലും ലോകത്താകമാനം നന്മയെ വിജയിപ്പിച്ച മാസമാണ്. എങ്ങിനെയാണ് ഒരു സമൂഹം എതിരാളികള്‍ ശക്തരായി നിലനില്‍ക്കുമ്പോള്‍ പ്രതിസന്ധികള്‍ പരിഹരിച്ച് നിലകൊള്ളേണ്ടതെന്ന രീതി കാണിച്ച് തന്ന് ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ദിനമാണ് ബദര്‍ദിനം. പരിശുദ്ധ ഖുര്‍ആന്‍ 'യൗമുല്‍ ഫുര്‍ഖാന്‍' എന്നാണ് ഈ ദിനത്തെ വിശേഷിപ്പിച്ചത്.
നാം ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന ഇസ്‌ലാം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റമദാന്‍ 17ന് വെള്ളിയാഴ്ച നടന്ന ഒരു യുദ്ധത്തിന്റെ ഫലമാണെന്നോര്‍ക്കുമ്പോള്‍ ഇത് ലോകത്തുണ്ടാക്കിയ പ്രതിഫലനം ചെറുതല്ലെന്നും മനസിലാവും. ബദര്‍ പതിമൂന്ന് വര്‍ഷം ഒരു സമൂഹം അനുഭവിച്ച യാതനകളും പീഡനങ്ങളും സത്യത്തിനും നീതിക്കും വേണ്ടിയായിരുന്നു എന്നത് കൊണ്ട് അതൊന്നും വെറുതെയാകാതിരിക്കാന്‍ അല്ലാഹു നല്‍കിയ വലിയ വിജയമാണ്. അവര്‍ ഭൂമിയിലും ഏറ്റവും നല്ല മനുഷ്യരായിരുന്നുവെന്ന് ജിബ്‌രീല്‍ (അ) നോട് പ്രവാചകന്‍ (സ്വ) പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നന്മയുടെ സൈന്യത്തെ വിജയിപ്പിക്കുക എന്നത് അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു.
മനസില്‍ നന്മയും ആത്മാര്‍ഥതയും ഉറച്ച ദൈവവിശ്വാസമുള്ളവര്‍ക്കുള്ളതാണ് വിജയം. ലോകത്തെ വന്‍ ശക്തിയായിരുന്ന റോമന്‍ സാമ്രാജ്യത്തോട് സ്വഹാബത്ത് യുദ്ധത്തിനൊരുങ്ങിയപ്പോള്‍ ഖൈഖലാന്‍ എന്ന റോമന്‍ സൈന്യാധിപന്‍ ഒരു ദൂതനെ അയക്കുന്നുണ്ട്. സ്വഹാബക്കളെ കുറിച്ച് പഠിക്കാന്‍ ദൂതന്‍ വന്ന് പറഞ്ഞത് അവര്‍ രാത്രിയില്‍ പ്രാര്‍ത്ഥന നടത്തുന്നവരും പകലില്‍ അവര്‍ യോദ്ധാക്കളുമാണെന്നായിരുന്നു. ഇത് കേട്ട സൈന്യാധിപന്‍ ആ സ്വഹാബത്തിന് മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.
ലോകത്ത് നടന്ന വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രാര്‍ഥനയുടെ സ്വാധീനം ചെറുതല്ലെന്ന് ഇന്ന് നാം ആരവത്തോടെ മനസിലാക്കണം. അല്ലാഹുവേ ഈ 313 പരാജയപ്പെട്ടാല്‍ ലോകത്ത് നിന്നെ ആരാധിക്കാന്‍ ആളുണ്ടാവില്ലെന്ന പ്രവാചക പ്രാര്‍ഥന ഇന്നും നാം നിലകൊള്ളുന്ന ദീനിന്റെ തണലാണ്.
ബദര്‍ വേളയില്‍ ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം പ്രസക്തമാണ്. നിങ്ങള്‍ അനുസരിക്കുന്നത് അല്ലാഹുവിനെയും റസൂലിനെയുമാണെങ്കില്‍ നിങ്ങള്‍ പരസ്പരം കലഹിക്കാതെ ഒരുമിച്ച് നില്‍ക്കുമെങ്കില്‍ ഭയക്കേണ്ടതില്ല. പ്രതീക്ഷിച്ചോളൂ നിങ്ങളുടെ കൂടെ അല്ലാഹു ഉണ്ട് എന്നാണ്.
ഇസ്‌ലാമില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല. അത് ഇസ്‌ലാമിന്റെ സ്വഭാവവുമല്ല. ബദര്‍ നടക്കാന്‍ ഉണ്ടായ കാരണങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമായ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയും വിശ്വാസ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയും സമൂഹത്തില്‍ ചൂഷണങ്ങളും ദുരാചാരങ്ങളും കടന്നുകയറി വ്യവസ്ഥാപിതമായ ജീവിതശൈലിയെ തകര്‍ക്കുകയും ചെയ്തുവെന്നതാണ്.
പ്രവാചകന്‍ (സ്വ)ക്ക് എതിരെ നടന്ന മാനസിക പീഡനങ്ങള്‍ക്ക് പുറമെ അനുയായികള്‍ക്കും ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക ഉപരോധവും രാഷ്ട്രീയ വിലക്കുകളും വന്നപ്പോള്‍ അതിനെതിരേ പ്രതിരോധമാണ് അല്ലാഹുവിന്റെ സമ്മതപ്രകാരം യുദ്ധത്തിലേക്ക് എത്തിയത്.
ബദറിലും ഉഹദിലും പിന്നീടുണ്ടായ യുദ്ധങ്ങളിലൊക്കയും നബി (സ്വ) സ്വീകരച്ച നിലപാടുകളും തടവുകാരോടും ശത്രുക്കളോടും ചെയ്ത പ്രതികരണത്തിന്റെ ശൈലിയും നമുക്ക് പാഠമാണ്. മുസ്‌ലിം ന്യൂനപക്ഷമായപ്പോഴും ഭൂരിപക്ഷമായപ്പോഴും സഹോദര മനസ്‌കരെ പരിഗണിക്കാനും മാനുഷികതയിലധിഷ്ടിതമായി നിലകൊള്ളാനുമാണ് നമ്മെ പഠിപ്പിച്ചത്.
ബദര്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമല്ല വിശ്വാസിക്ക് അവന്റെ മനസ്സില്‍ എന്നും ബദര്‍ വേണം. തിന്മക്കെതിരേ നന്മകൊണ്ട് ശക്തമായ നിലകൊള്ളണം. അന്ന് ബദരീങ്ങള്‍ ഉപയോഗിച്ച ആയുധം ദൈവഭക്തിയും ആത്മശുദ്ധിയുമാണെങ്കില്‍ അത് തന്നെയാണ് നമുക്കും ആയുധമായി സ്വീകരിക്കാനുള്ളത്. നാഥന്‍ തുണക്കട്ടെ.
(ഖത്തീബ്, തൃക്കാക്കര ജമാഅത്ത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."