സ്മിത്ത് തിരിച്ചെത്തി; നാലാം അങ്കം ഇന്നുമുതല്‍
മാഞ്ചസ്റ്റര്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര കെട്ടടങ്ങും മുന്‍പ് വീണ്ടും ആഷസ് ആരവം. നാലാം ടെസ്റ്റ് മത്സരം ഇന്നു മുതല്‍. ജോഫ്ര ആര്‍ച്ചറിന്റെ കുത്തിയുയര്‍ന്ന പന്തില്‍ പരുക്കേറ്റ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകത ഇന്നാരംഭിക്കുന്ന മത്സരത്തിനുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളിലും താരം പുറത്തെടുത്ത ബാറ്റിങ് പ്രകടനമാണ് ആസ്‌ത്രേലിയയുടെ ചെറുത്തുനില്‍പ്പില്‍ ചരടുവലിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തിലായിരുന്നു താരത്തിന് പരുക്കേറ്റത്.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചതോടെ 1-1ന് ഇരുടീമും ഒപ്പമെത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. സ്വപ്ന തുല്യമായ പ്രകടനത്തിലൂടെ മൂന്നാം ടെസ്റ്റ് ആസ്‌ത്രേലിയയുടെ കൈയില്‍നിന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ച ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനമാണ് ലോകം ഉറ്റുനോക്കുന്നത്. സ്മിത്തിന്റെ മൂന്നാം സെഞ്ചുറിക്കായും ആരാധകര്‍ കാത്തിരിക്കുന്നു.
ഇന്നലെയാണ് 12 അംഗ ടീമിനെ പ്രഖ്യാപിച്ചതില്‍ സ്മിത്തിനെയും ഉള്‍പ്പെടുത്തിയത്. ഉസ്മാന്‍ ഖവാജയെയാണ് പുറത്തിരുത്തിയത്. മോശം ബാറ്റിങ് പ്രകടനമാണ് താരത്തെ തഴയുന്നതില്‍ കാരണമായത്. ആഷസ് ടെസ്റ്റിലെ ആറു ഇന്നിങ്‌സുകളില്‍നിന്ന് 20.33 ആണ് ഖവാജയുടെ ശരാശരി സ്‌കോര്‍.കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 126 ശരാശരിയില്‍ 378 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം.
അതേസമയം, ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഇറങ്ങുന്നത്. ക്രിസ് വോക്‌സിന് പകരം മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ക്രെയ്ഗ് ഓവര്‍ട്ടനെ ടീമിലെത്തിച്ചു. മൂന്നാം ഇന്നിങ്‌സില്‍ തിളങ്ങിയ ജോ ഡെന്‍ലി, റോറി ബേണ്‍സിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. പകരം, നേരത്തേ ഓപ്പണറായിരുന്ന ജേസന്‍ റോയ് നാലാം നമ്പറിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."