വാഹനങ്ങളുടെ സുരക്ഷിത താവളം; വീട്ടുവളപ്പില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കി ഗൃഹനാഥന്
മാഹി: ചപ്പാരത്ത് കുഞ്ഞികൃഷ്ണന്റെ വീട് ഒരു അനുഗ്രഹമാണ് മാഹി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക്. ആര്‍ക്കും തങ്ങളുടെ വാഹനം ഇവിടെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷന്റെ കിഴക്കുവശത്ത് പാര്‍ക്കിങ് സംവിധാനമില്ലാത്തതിനാല്‍ പല വണ്ടികളും സ്വന്തം ഉത്തരവാദിത്വത്തില്‍ വച്ച് പോകുകയാണ് യാത്രക്കാരുടെ പതിവ്. പലപ്പോഴും ഇവയുടെ സ്പെയര്‍ പാര്‍ട്സുകള്‍ മോഷണം പോവുകയും പെട്രോള്‍ ഊറ്റിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. രാവിലെ ട്രെയിനില്‍ ദീര്‍ഘദൂരം പോകുന്ന യാത്രക്കാര്‍ ഏറെ ആശങ്കയോടെയാണ് പലപ്പോഴും വണ്ടികള്‍ വഴിയരികില്‍ നിര്‍ത്തിയിടാറ്. ഇവിടെയാണ് ചപ്പാരത്ത് കുഞ്ഞികൃഷ്ണന് എന്ന ഗൃഹനാഥന്റെ സേവനം ഏറെ മാതൃകയാവുന്നത്.
അമ്പതോളം വണ്ടികള്‍ക്ക് നിര്‍ത്തിയിടാന്‍ കുഞ്ഞികൃഷ്ണന് വീടിന്റെ ഗേറ്റ് തുറന്നുകൊടുക്കും. പ്രതിഫലമായി ഒന്നും വാങ്ങാറില്ല. 25 വര്‍ഷമായി ഇത് തുടര്‍ന്നു വരുന്നു. കരിയാട്, മോന്താക്കടവ് പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഏറെ പ്രയോജനം ലഭിക്കുന്നത്.
ബൈക്കുകള്‍ ഗേറ്റിന് ഉള്ളിലും കാറുകള്‍ ഗേറ്റിന് വെളിയിലുമാണ് നിര്‍ത്തിയിടുന്നത്. രാവിലെ അഞ്ചിന് തുറക്കുന്ന ഗേറ്റ അടക്കുന്നത് രാത്രി 11നാണ്. ചെറിയ പ്രയാസമുണ്ടെങ്കിലും കുഞ്ഞിക്കൃഷ്ണന് അതൊന്നും കാര്യമാക്കാറില്ല. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് ഫീസ് വാങ്ങിയാണ് പാര്‍ക്കിങ്. കിഴക്കു ഭാഗം കാട് പിടിച്ച് കിടക്കുകയാണ്. ഇതിലൂടെ രാവിലെ സ്റ്റേഷനില്‍ എത്തുക ഏറെ പ്രയാസമാണ്. സ്ഥലത്തെ കാട് വെട്ടിനിരത്തിയാല്‍ ഒട്ടേറെ വണ്ടികള്‍ക്ക് നിര്‍ത്തിയിടാമെന്ന് യാത്രക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."