അവധികളുടെ എണ്ണം കുറയ്ക്കണം, പ്രവര്‍ത്തിസമയം കൂട്ടണം: പൊതു അവധികളും കാഷ്വല്‍ ലീവും കുറച്ച് ശനിയാഴ്ച അവധി നല്‍കണം: പുതിയ ശിപാര്‍ശയുമായി ഭരണ പരിഷ്‌കാര കമ്മിഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനസമയം കൂട്ടി അവധികളുടെ എണ്ണം കുറയ്ക്കണമെന്ന് ശുപാര്‍ശ. പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. ശനിയാഴ്ച അവധി നല്‍കണം. പകരം മറ്റു ദിവസങ്ങളില്‍ ഓഫിസ് പ്രവര്‍ത്തനം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് 5.30 വരെയാക്കണം. പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്നും ശുപാര്‍ശ നല്‍കിയിരിക്കുന്നത് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷനാണ്. എന്നാല്‍ ശുപാര്‍ശയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂളുകളില്‍ ക്ലാസ് തുടങ്ങണം. രാവിലെ ഒമ്പതിനാണ് ഓഫിസുകള്‍ തുറക്കേണ്ടത്. എട്ടുമണിക്കെങ്കിലും സ്‌കൂള്‍ തുറക്കേണ്ടി വരും.
ഉച്ചയൂണിന് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്താം. നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 ആക്കണമെന്നും ശുപാര്‍ശയിലുണ്ട്. എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
വര്‍ഷം തോറും 20 കാഷ്വല്‍ ലീവുള്ളത് 12 ആക്കി കുറയ്ക്കണം. മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഒമ്പത് പൊതുഅവധി മതി. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി.
മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വേണം ഇതനുവദിക്കാന്‍. ജാതിമത ഭേദമന്യേ ആര്‍ക്കും ഇത്തരം അവധികള്‍ക്ക് അപേക്ഷിക്കാം. നിയന്ത്രിത അവധികള്‍ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തണം. പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40-ല്‍നിന്ന് 32ആയി കുറയ്ക്കണം. 2019-ല്‍ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫിസുകള്‍ അവധിയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."