കിന്‍ഫ്രയിലെ ആദ്യ വ്യവസായ സംരംഭത്തിന് താഴുവീണു
ഒറ്റപ്പാലം: കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ആദ്യമാരംഭിച്ച സ്ഥാപനത്തിന്ന് താഴ്വീണു. നാലു കോടി രൂപ കുടിശ്ശിക വരുത്തിയതാണ് സ്വകാര്യ വസ്ത്ര നിര്‍മാണ കമ്പനി പൂട്ടാന്‍ ഇടയായത്. പാട്ട തുകയുടെ കുടിശ്ശിക ലഭിക്കാത്തതിനെതുടര്‍ന്ന് 1993 ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് നിയമപ്രകാരമാണ് കിന്‍ഫ്ര കമ്പനി നടത്തിപ്പിന് താഴിട്ടത്. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാരായ 300 പേരുടെ ജീവിതം പെരുവഴിയിലായി. ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള നാലു നില കെട്ടിടത്തില്‍ മാസംതോറും 17 ലക്ഷം രൂപയാണ് പാട്ടത്തുക നിശ്ചയിച്ചിരുന്നത്. 2016ല്‍ ആരംഭിച്ച ഈ കമ്പനി രണ്ടുവര്‍ഷം കൊണ്ടാണ് പാട്ട തുകയുടെ കുടിശ്ശികയായി നാലുകോടി രൂപയിലെത്തിയത്. പാട്ടത്തുക നല്കാന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിതവണ സ്വകാര്യ കമ്പനി ഉടമയ്ക്ക് കിന്‍ഫ്ര നോട്ടീസ് നല്‍കിയെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ലെന്ന് കിന്‍ഫ്ര മീഡിയ അഡൈ്വസര്‍ ശ്രീകുമാര്‍ പറഞ്ഞു. കിന്‍ഫ്ര മാനേജിംഗ് ഡയറക്ടറുടെ നിര്‍ദേശാനുസരണമാണ് റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങിയത്. പൊലിസിന്റെ സഹായത്തോടെയാണ് കമ്പനി പൂട്ടി സീല്‍ ചെയ്തത്. പാട്ടത്തുകയുടെ കുടിശ്ശിക ലഭിക്കാത്തപക്ഷം മിഷനറികള് കണ്ടുകെട്ടാനുള്ള നടപടികളിലേക്കു അടുത്ത ഘട്ടത്തില്‍ നീങ്ങുമെന്നും കിന്‍ഫ്ര അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."