മികവിന്റെ കേന്ദ്രമായി നീലേശ്വരം ഗവണ്‍മെന്റ് സ്‌കൂള്‍
മുക്കം: പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് നീലേശ്വരം ഗവ. സ്‌കൂള്‍. മലയോര മേഖലയില്‍ തന്നെ അക്കാദമികമായും ഭൗതികമായും ഏറെ നിലവാരം പുലര്‍ത്തുന്ന സ്‌കൂള്‍ ഈ വര്‍ഷവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗവ. ഹയര്‍ സെക്കന്‍ഡറി വിജയശതമാനത്തില്‍ ജില്ലയിലും താമരശേരി വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനമാണ് സ്‌കൂള്‍ നേടിയെടുത്തത്. പ്ലസ് വണ്‍ റിസള്‍ട്ട് വന്നപ്പോള്‍ സംസ്ഥാനത്തെ 823 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പതിനൊന്നാം സ്ഥാനത്ത് സ്‌കൂള്‍ ഇടംപിടിച്ചു. പി.ടി.എയുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ പിന്തുണയാണ് സ്‌കൂളിന്റെ കുതിപ്പിന് കാരണമെന്ന് അധ്യാപകര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ പാഠ്യേതര മികവുകള്‍ പരിപോഷിപ്പിക്കുന്ന എന്‍.എസ്.എസ്, ജെ.ആര്‍.സി, എസ്.പി.സി എന്നിവയുടെ പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ നടക്കുന്നുണ്ട്. 'വിയജോത്സവം' പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന മോക്ക് ടെസ്റ്റുകളും എസ്.എം.എസ് മുഖേന രക്ഷിതാക്കളുമായുള്ള സംവേദനവും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലനവും ഗൃഹ സന്ദര്‍ശനവും മോട്ടിവേഷന്‍ ക്ലാസുകളും എ പ്ലസ് ക്ലബുകളുമൊക്കെയാണ് അക്കാദമിക വിജയത്തിന് പിന്നിലെ രഹസ്യം.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടു കോടി രൂപാ ചെലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിടം ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."