ഹര്‍ത്താല്‍: ഫറോക്കില്‍ വ്യാപക അക്രമം
ഫറോക്ക്: ഇന്നലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിലും ഫറോക്ക് മേഖലയില്‍ വ്യാപക അക്രമം. ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ ചമ്മിനിവാസു സ്മാരക മന്ദിരത്തിനു കഴിഞ്ഞദിവസം രാത്രി തീയിട്ടു. പൂട്ടുപൊളിച്ചു അകത്തുകടന്ന സംഘം പെട്രോളൊഴിച്ചു ഓഫിസിനു തീവയ്ക്കുകയായിരുന്നുവെന്നാണ് നിഗമനം. സമീപത്തെ വീട്ടുകാരാണ് ഓഫിസിനു തീകൊളുത്തിയ വിവരം പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്.
ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും ഫോട്ടോ സ്റ്റാറ്റ് മെഷീനും ടി.വിയും രേഖകളും പൂര്‍ണ്ണമായും കത്തിനശിച്ചു. കര്‍ഷക തൊഴിലാളികളുടെയും നിര്‍മാണ തൊഴിലാളികളുടെയും 500ലധികം ക്ഷേമനിധി കാര്‍ഡുകളും ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളുടെ രേഖകളും കത്തിച്ചാമ്പലായി. ബില്‍ഡിങ്ങിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സംഭവത്തില്‍ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് നല്ലൂര്‍ സ്വദേശി ശ്യാമപ്രസാദ് (22), സുഭാഷ് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം തടസപ്പെട്ടു. ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര വരെയാണ് സര്‍വിസ് നടത്തിയത്. ഫറോക്കിലെയും രാമനാട്ടുകരയിലെയും മാംസവില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. തുറന്നു പ്രവര്‍ത്തിച്ച ഫറോക്ക് സര്‍വിസ് കോപറേറ്റീവ് ബാങ്കിന്റെ ഫറോക്ക് ബ്രാഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിക്കാനെത്തിയത് സംഘര്‍ഷമുണ്ടാക്കി. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്നു ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകരുടെ കാവലില്‍ വൈകിട്ടു വരെ ബാങ്ക് തുറന്നുപ്രവര്‍ത്തിച്ചു. ബാങ്കിനു മുന്നില്‍ കഞ്ഞിയും ഭക്ഷണവും സി.പി.എം പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
ഫറോക്ക് ചുങ്കത്ത് കടകള്‍ രവിലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരെത്തി അടപ്പിച്ചു. ഇവിടെയും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഒരു ബി.ജെ.പി പ്രവര്‍ത്തകന് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് ബി.ജെ.പിയും സി.പി.എമ്മും ആയുധങ്ങളുമേന്തി ഫറോക്ക് ടൗണില്‍ പ്രകോപനപരമായി രീതിയില്‍ പ്രകടനം നടത്തി. പൊലിസെത്തി ഇരുകൂട്ടരെയും വഴിതിരിച്ചു വിട്ടതോടെയാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍;
പ്രതിഷേധം ശക്തമാകുന്നു
ഫറോക്ക്: ജനങ്ങളെ ബന്ധിയാക്കിയുള്ള തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും ഒളവണ്ണ പഞ്ചായത്തിലും സി.പി.എമ്മും ബി.ജെ.പിയും മൂന്നു ദിവസം തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. നോമ്പുകാലത്ത് അവശ്യസാധനങ്ങള്‍ പോലും വാങ്ങാനാകാതെ ജനം പൊറുതിമുട്ടി.
നോമ്പിന്റെയും പെരുന്നാളിന്റെയും കച്ചവടം തകൃതിയായി നടക്കുന്ന സമയത്ത് തുടര്‍ച്ചയായി വന്ന ഹര്‍ത്താലുകള്‍ വ്യാപാരികള്‍ക്കിടയിലും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ടും ഫറോക്കില്‍ ചുങ്കത്തും വ്യാപാരികള്‍ ഹര്‍ത്താലിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. ചുങ്കത്ത് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ വന്നു അടപ്പിക്കുകയായിരുന്നു. കടകള്‍ക്കു നേരെയുള്ള അക്രമം ഭയന്നണ് കടകള്‍ അടച്ചതെന്നു വ്യാപാരികള്‍ പറഞ്ഞു.
വാഹനങ്ങളും ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യാപാര മേഖലയെ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ നിയന്ത്രിക്കപ്പെടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ചുങ്കം ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധ കൂട്ടായ്്മ കെ.വി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ മന്‍സൂര്‍, വി. സജ്ജാദ്, പി.ടി ഗോപാലന്‍, പി.സി റിയാസ് അലി, ഡി. അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി.
പേരാമ്പ്രയില്‍ ഇന്നലെ വൈകിട്ട് നാലോടെ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ടൗണില്‍ നടന്ന പ്രകടനത്തിന് സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, എന്‍.കെ സലീം, മുസ്തഫ പാരഡൈസ്, ശരീഫ് ചീക്കിലോട്ട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."