തിരൂരില്‍ ബൈക്കപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
തിരൂര്‍: കൂട്ടായി മംഗലത്തുണ്ടായ ബൈക്കപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് വെണ്ണക്കോട് വെളുത്തേടത്ത് അലി സഅ്ദിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ (20), വയനാട് വെള്ളമുണ്ട ചെക്ക് വീട്ടില്‍ മൊയ്തുവിന്റെ മകന്‍ അബ്ദുല്ല (21) എന്നിവരാണ് മരിച്ചത്. ഇരുവരും കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ ബിരുദ വിദ്യാര്‍ഥികളാണ്. ഇന്നലെ ഉച്ചക്കുശേഷം മംഗലം അങ്ങാടിയില്‍വച്ചാണ് അപകടം.
സിറാജുല്‍ ഹുദക്ക് കീഴിലുള്ള കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ അവസാന വര്‍ഷ ബി.എസ്.ഡബ്ല്യു വിദ്യാര്‍ഥികളായ ഇവര്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍വേക്കായി കൂട്ടായിയിലെ സ്‌കൂളിലെത്തി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പുറത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൂടിയിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സക്കീനയാണ് അബ്ദുല്ലയുടെ മാതാവ്. സഹോദരങ്ങള്‍: റഹീം, ഉനൈസ്, ഫാത്തിമ, മുഹമ്മദലി.
നഫീസയാണ് മുഹമ്മദ് ഹനാന്റെ മാതാവ്:. സഹോദരങ്ങള്‍: മുഹമ്മദ് സ്വാലിഹ്, മൊയിനുദീന്‍,മുഹമ്മദ് ജലാല്‍, ഫാത്വിമത്ത് സുഹറ,ഫാഹിമ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വെണ്ണക്കോട് മഹല്ല് ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."