എസ്.ഐയുടെ 'പഞ്ച് ഡയലോഗ്': സക്കീര്‍ ഹുസൈനെ പിന്തുണച്ച് വി.ടി ബല്‍റാം; എസ്.ഐയുടെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവും വി.ആര്‍ അനൂപും
കോഴിക്കോട്: കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുഹൈസനോട് 'പഞ്ച് ഡയലോഗ്' അടിക്കുന്ന ഫോണ്‍ സംഭാഷണം ചോര്‍ന്നതില്‍ സക്കീര്‍ ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി ബല്‍റാം. കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം തന്റെ അഭിപ്രായം പങ്കുവച്ചത്.
ആ ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാന്‍ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല. വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ എസ്.ഐമാരും എന്ന് ഭരത് ചന്ദ്രന്മാര്‍ക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാല്‍ അവര്‍ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ യൂണിഫോം ടെസ്റ്റ് എഴുതി ഉണ്ടാക്കിയതാണെന്നതുള്‍പ്പെടെയുള്ള പഞ്ച് ഡയലോഗടിച്ച എസ്.ഐക്ക് സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗത്തിന്റെ കൈയടി ലഭിച്ചതോടെയാണ് സി.പി.എം നേതാവിനെ പിന്തുണച്ച് ബല്‍റാം രംഗത്തുവരുന്നത്. അതേസമയം, എസ്.ഐക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തി മറ്റൊരു കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപും രംഗത്തുവന്നു. ഏതെങ്കിലും തരത്തില്‍ പിണറായി സര്‍ക്കാറിനോടോ സി.പി.എമ്മിനോടോ മതിപ്പില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും, എന്നാല്‍ അറിഞ്ഞുകൊണ്ട് ഒരു 'ആര്‍.എസ്.എസ് അന്നാ ഹസാരേ' ഉണ്ടാകുന്നത് നിശബ്ദത കൊണ്ടുപോലും കൂട്ടുനില്‍ക്കാന്‍ പാടില്ലാ എന്ന ശാഠ്യം ഉള്ളത് കൊണ്ടാണ് ഇതുപറയേണ്ടിവന്നതെന്നും വ്യക്തമാക്കിയാണ് തന്റെ സഹപാഠിയായിരുന്ന എസ്.ഐയുടെ സംഘ്പരിവാര്‍ ബന്ധം അനൂപ് വെളിപ്പെടുത്തിയത്.
അനൂപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കളമശ്ശേരിയിലെ ആ എസ് ഐയെ കുറിച്ച്, ചില കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പറഞ്ഞിരുന്നു. അതിനുമപ്പുറം ഒരു വിശദീകരണം ആവശ്യമായത് കൊണ്ട് ആണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. അയാള്‍ കാലടി യൂണിവേഴ്‌സിറ്റിയില്‍ എന്റെ ക്ലാസ് മേറ്റ് മാത്രമല്ല, എന്നോട് ഒരു പാട് കെയറും സ്‌നേഹവുമൊക്കെ പ്രകടിപ്പിച്ചിരുന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു ഒരു കാലത്ത്.SFI മാത്രമുണ്ടായിരുന്ന അന്നത്തെ ആ ക്യാംപസില്‍ KSU ഉണ്ടാക്കാന്‍ തുടങ്ങുന്ന ,അപകടമരമായ ഘട്ടത്തില്‍ പോലും, KSU ക്കാരന്‍ ആയിരുന്നില്ലെങ്കിലും അയാള്‍ എന്നോട് വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.പക്ഷേ, അയാള്‍ പിന്നീട് അവിടെ സജീവമാവായ ABVP യില്‍ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി..ആ എബിവിപിത്തരം (വിശദാംശങ്ങള്‍ വ്യക്തിപരമായത് കൊണ്ട് കൂടിയായത് കൊണ്ട് പറയുന്നില്ലാ) ,മറ്റ് പല സ്ഥലങ്ങളിലും, സൗഹൃദങ്ങളിലും തുടര്‍ന്നപ്പോള്‍, ഒരിയ്ക്കല്‍ ഒരുപാട് അടുത്ത ഏത് ബന്ധവും അവസാനിപ്പിക്കുന്ന വേദനയോടെ അത് അവസാനിപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അറിയാവുന്ന RSS കാരെ മുഴുവന്‍ Fb സൗഹൃദലിസ്റ്റില്‍ നിന്ന് അണ്‍ ഫ്രണ്ട് ചെയ്ത കൂട്ടത്തില്‍ അവനേയും ചെയ്തിരുന്നു. അയാള്‍ ഒരു അഴിമതിക്കാരന്‍ ആണ് എന്ന അഭിപ്രായമൊന്നും എനിക്കില്ലാ. പക്ഷേ, അടിസ്ഥാനപരമായി അയാള്‍ ഒരു സംഘിയാണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും അയാള്‍ക്കുണ്ട്. ചില സുഹൃത്തുക്കള്‍ പഴയ സെന്‍കുമാര്‍ മോഡലില്‍ പുകഴ്ത്തുന്നത് കണ്ടത് കൊണ്ടാണ് ഇത് പറയേണ്ടി വന്നത്.ഏറെ പ്രിയപ്പെട്ട ഒരു കാലത്ത്, ഒരിയ്ക്കല്‍ ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്ന ഒരാളെക്കുറിച്ച്, ഇങ്ങനെ ഒരു പബ്ലിക് പോസ്റ്റടണോ എന്ന് ഒരുപാട് ആലോച്ചിരുന്നു. ഏത് വ്യക്തിപരതയേക്കാളുംപ്രധാനം ചില പൊളിറ്റിക്കല്‍ പ്രയോറിറ്റികള്‍ ആയത് കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. ഏതെങ്കിലും തരത്തില്‍ പിണറായി സര്‍ക്കാറിനോടോ സി.പി.എമ്മിനോടോ മതിപ്പില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും, എന്നാല്‍ അറിഞ്ഞുകൊണ്ട് ഒരു 'ആര്‍.എസ്.എസ് അന്നാ ഹസാരേ' ഉണ്ടാകുന്നത് നിശബ്ദത കൊണ്ടുപോലും കൂട്ടുനില്‍ക്കാന്‍ പാടില്ലാ എന്ന ശാഠ്യം ഉള്ളത് കൊണ്ടാണ് ഇതുപറയേണ്ടിവരുന്നത്.
[caption id="attachment_771884" align="aligncenter" width="960"] എസ്.ഐയെ പിന്തുണച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്ന്[/caption]
vt balram support sakkeer husain. congress leader anoop exposing si
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."