മാണി 'മാരണ'മെന്ന് കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം 'വീക്ഷണം'. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും 'മാണി എന്ന മാരണം' എന്ന തലക്കട്ടില്‍ 'വീക്ഷണം' ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
യു.ഡി.എഫിലുള്ളപ്പോള്‍ തന്നെ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യില്‍ വന്ന ലേഖനത്തിനു മറുപടിയെന്ന രീതിയിലാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്ന ഗുരുതരമായ ആരോപണവും മുഖപ്രസംഗത്തിലുണ്ട്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. മുന്നണിക്കകത്തുനിന്ന് അനര്‍ഹമായ പലതും തര്‍ക്കിച്ചും വിലപേശിയും വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപക നേതാവ് കെ.എം ജോര്‍ജ് മുതല്‍ പി.സി ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്. മാണിക്കു വേണ്ടി യു.ഡി.എഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ല.
മാണിക്കും മകനും വേണ്ടി മാത്രമുള്ള പാര്‍ട്ടിയെ ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നതുകൊണ്ടാണ് അവര്‍ക്കു രാഷ്ട്രീയ അസ്തിത്വമുണ്ടായത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ അകത്തുണ്ട്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേത് മാത്രമാണ്. യു.ഡി.എഫില്‍നിന്ന് പോയി നാല്‍ക്കവലയില്‍നിന്ന് വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം.
മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രിക്കസേരയോടുള്ള ഭ്രമത്തിനും വേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ മാണി മടിക്കില്ല. ഒരു പ്രത്യയശാസ്ത്ര നിലപാടും അദ്ദേഹത്തിനില്ല. കൂടുതല്‍ നല്‍കുന്നവരുടെ കൂടെ പോകുന്ന നിലപാട് മാത്രമാണുള്ളത്. അദ്ദേഹത്തിനു മുന്നില്‍ കായംകുളം കൊച്ചുണ്ണി പോലും കൈകൂപ്പി ശിഷ്യപ്പെടേണ്ടി വരും. പാര്‍ട്ടിയിലെ അടിമകളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിക്കും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും 'വീക്ഷണം' മുഖപ്രസംഗത്തില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് രമേശ് ചെന്നിത്തല
കാസര്‍കോട്: കെ.എം മാണിക്കെതിരായ 'വീക്ഷണം' ദിനപത്രത്തിലെ മുഖപ്രസംഗം കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ. വെളുത്തമ്പുവിന്റെ അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കാസര്‍ക്കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
'വീക്ഷണം' പ്രഖ്യാപിച്ചത് അവരുടെ നയമായിരിക്കും. ഇത്തരമൊരു മുഖപ്രസംഗം വന്നതില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മദ്യനയത്തിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ ഭിന്നതയില്ല. എന്നാല്‍ സി.പി.ഐയുടെ വനിതാ സംഘടനയടക്കം എതിര്‍പ്പുമായി എത്തിയതോടെ എല്‍.ഡി.എഫിലാണ് ഭിന്നതയെന്ന് മനസിലായില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
സി.പി.എമ്മും ആര്‍.എസ്.എസും കേരളത്തെ കലാപശാലയാക്കുകയാണെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖപ്രസംഗത്തോട് യോജിപ്പില്ലെന്ന് എം.എം ഹസ്സന്‍
തിരുവനന്തപുരം: 'വീക്ഷണം' ദിനപത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസ്സന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫ് വിടാന്‍ കേരളാ കോണ്‍ഗ്രസ് കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെ.പി.സി.സിക്കും യു.ഡി.എഫിനുമുണ്ടായ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ.എം മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി ശക്തമായ അമര്‍ഷവും അതൃപ്തിയും പ്രകടിപ്പിച്ചതെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
ഗോഡ്സെയുടെ ഗാന്ധിമാര്‍ഗ പ്രസംഗം പോലെ: കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം: 'വീക്ഷണ'ത്തിന്റെ മുഖപ്രസംഗം ഗോഡ്‌സെയുടെ ഗാന്ധിമാര്‍ഗ പ്രസംഗം പോലെയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം). പതിറ്റാണ്ടുകളായി കൂടെനിന്ന കെ.എം മാണിയെ രാഷ്ട്രീയ ശത്രുക്കള്‍ പോലും പറയാത്ത ഭാഷയില്‍ അപമാനിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ലീഡര്‍ക്കെതിരേ ചാരക്കേസ് കെട്ടിച്ചമച്ചവര്‍ കെ.എം മാണിക്കെതിരേ കള്ളക്കേസ് സൃഷ്ടിച്ചതില്‍ അത്ഭുതമില്ല.
കരുണാകരന്റെ ഇലയില്‍ ചോറു വിളമ്പി ഉണ്ടിട്ട് പുറകില്‍നിന്ന് അദ്ദേഹത്തെ കുത്തിവീഴ്ത്താന്‍ ഒരു മടിയും തോന്നാത്തവരുടെ അധമസംസ്‌കാരമാണ് 'വീക്ഷണ'ത്തില്‍ തെളിയുന്നത്. കെ.എം ജോര്‍ജിന്റെ മരണത്തില്‍ കെട്ടുകഥകള്‍ ഉണ്ടാക്കി വിലപിക്കുന്ന 'വീക്ഷണം' പ്രവര്‍ത്തകര്‍ കേരളത്തിലെ കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയ പി.ടി ചാക്കോ എങ്ങനെയാണ് മരിച്ചതെന്ന് ആത്മപരിശോധന നടത്തണം.
അധികാരത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെ കൊടുംചതിയില്‍പ്പെടുത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ക്കുള്ളത്. ഇടുക്കിയിലെ ജനങ്ങള്‍ എടുക്കാചരക്കാക്കുകയും അവിടത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ജനപ്രതിനിധികളെയും ഇല്ലാതാക്കുകയും ചെയ്ത ആളുകള്‍ 'വീക്ഷണ'ത്തിന്റെ തലപ്പത്ത് ഇരുന്ന് 13 തവണ തുടര്‍ച്ചയായി വിജയിച്ച കെ.എം മാണിയെനോക്കി കുരക്കുന്നത് അസൂയ കൊണ്ടാണെന്നും കേരളാ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."