റോഡുകള്‍ നന്നാക്കാന്‍ യാത്രക്കാര്‍ മരിക്കണോയെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യാത്രക്കാര്‍ മരിക്കുകയോ വി.ഐ.പികള്‍ വരികയോ ചെയ്യുമ്പോള്‍ മാത്രമേ റോഡുകള്‍ നന്നാക്കുകയുള്ളൂ എന്നും ഹൈക്കോടതി ചോദിച്ചു. റോഡ് നന്നാക്കുമ്പോള്‍ എത്രകാലത്തേക്ക് നിലനില്ക്കും എന്ന കണക്കുകൂട്ടലുകളില്ലാതെയാണ് പണികള്‍ ചെയ്യുന്നത്. റോഡുകള്‍ നന്നാക്കുക മാത്രമല്ല, അത് നിലനിര്‍ത്താനുള്ള നടപടികള്‍ കൂടി സര്‍ക്കാര്‍ ആവിഷ്കരിക്കണം.
അടിസ്ഥാന വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണം ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം താല്‍ക്കാലികമായി ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. ദീര്‍ഘകാലം നിലനില്‍ക്കുന്ന രീതിയിലാവണം അടിസ്ഥാന സൗകര്യ വികസനമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം- കാക്കനാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹന്‍, ദേവന് രാമചന്ദ്രന് എന്നിവര്‍ ചീഫ് ജസ്റ്റിസിനു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
മഴമൂലമാണ് റോഡുകള്‍ നന്നാക്കാനാവാത്തതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
റോഡ് വികസനത്തിന് മഴ ഒരു കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പഴയ തെറ്റുകള്‍ ഇനിയുണ്ടാകരുതെന്നും റോഡുകളുടെ ശോചനീയാവസ്ഥ മൂലം ജീവന് നഷ്ടപ്പെടുകയാണെന്നും കോടതി സൂചിപ്പിച്ചു.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."