ആത്മഹര്‍ഷത്തിന്റെ സുന്ദരദിനങ്ങള്‍
ഇസ്‌ലാമിന്റെ അടിസ്ഥാന പഞ്ചതത്വങ്ങളില്‍ ഒന്നാണ് റമദാനിലെ വിശുദ്ധ വ്രതം. സത്യസാക്ഷ്യവും അഞ്ചുനേരത്തെ നിസ്‌കാരവും നിര്‍ബന്ധ ദാനവും ഹജ്ജ് തീര്‍ഥാടനവും പോലെ പരമപ്രധാനമാണ് റമദാന്‍ വ്രതവും. ഒരു മാസം നീണ്ടുനില്‍ക്കുന്ന റമദാന്‍ നോമ്പ് നബി(സ) യുടെ സമുദായത്തിന്റെ പ്രത്യേകതയാണ്. ഹിജ്‌റ വര്‍ഷം രണ്ട് ശഅ്ബാനിലാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
പൂര്‍ണ്ണമായ ആത്മഹര്‍ഷത്തിന്റെ സുന്ദരദിനങ്ങളാണ് വിശുദ്ധ റമദാന്‍. പുണ്യങ്ങള്‍ക്ക് അളവറ്റ പ്രതിഫലം ലഭിക്കുന്ന വസന്തകാലം കാരുണ്യത്തിന്റേയും പാപമോചനത്തിന്റേയും നരക വിമുക്തിയുടേയും കൂടി നാളുകളാണ്. അമൂല്യവും അനിര്‍വ്വചനീയവുമായ നിമിഷങ്ങള്‍. നബി (സ)തങ്ങള്‍ ഒമ്പത് വര്‍ഷം നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരു വര്‍ഷം മാത്രമാണ് മുപ്പത് നോമ്പ് പൂര്‍ത്തിയായി ലഭിച്ചത്. ഇരുപത്തി ഒമ്പത് നോമ്പ് ലഭിച്ചാലും മുപ്പത് ലഭിച്ചാലും റമദാന്‍ മാസമെന്ന നിലക്ക് പുണ്യത്തില്‍ സമമാണ്. എങ്കിലും മുപ്പത് നോമ്പു ലഭിച്ചു എന്ന നിലക്ക് കൂടുതല്‍ പുണ്യവും ഉണ്ട്. ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക, ശഅ്ബാന്‍ ഇരുപത്തിയൊമ്പതിനു മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുക എന്നിവയാണ് റമദാനിന്റെ ആരംഭത്തിന് അവലംബിക്കേണ്ട മാനദണ്ഡം. നബി(സ)പറയുന്നു 'മാസം കണ്ടതിന് വേണ്ടി നിങ്ങള്‍ നോമ്പനുഷ്ടിക്കുക. കണ്ടതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. നിങ്ങള്‍ക്ക് മേഘംമൂടപ്പെട്ടാല്‍ നിന്റെ എണ്ണം പൂര്‍ത്തിയാക്കുക'(ബുഖാരി). കണക്കുകൂട്ടിയും ജ്യോതിശാസ്ത്രം മുഖേനയും മാസം ഉറപ്പിക്കാവുന്നതല്ല. പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയും നോമ്പനുഷ്ടിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്ലീമിനും നോമ്പനുഷ്ടിക്കല്‍ നിര്‍ബന്ധമാണ്. ആര്‍ത്തവകാരിക്കും പ്രസവ രക്തകാരിക്കും നോമ്പനുഷ്ടാനം നിഷിദ്ധമാണ്. അവര്‍ ശുദ്ധിയായതിനുശേഷം ഖളാഅ് വീട്ടണം. വാര്‍ധക്യം, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവ കൊണ്ട് നോമ്പ് അനുഷ്ടിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. മോചനദ്രവ്യം എന്ന നിലയ്ക്ക് ഓരോ നോമ്പിനെ തൊട്ടും ഓരോ മുദ്ധ് (സുമാര്‍ 800 മില്ലിഗ്രാം) ഭക്ഷ്യധാന്യം ഫഖീര്‍(ദരിദ്രന്‍) മിസ്‌ക്കീന്‍ (അഗതി), എന്നിവര്‍ക്ക് നല്‍കിയാല്‍ മതി. സക്കാത്തിന്നവകാശപ്പെട്ട മറ്റു ആറു കക്ഷികള്‍ക്ക് നല്‍കാവുന്നതുമല്ല. ഈ മുദ്ധുകളെല്ലാം കൂടി ഒരു ഫക്കീറിന് മാത്രം നല്‍കാവുന്നതാണ്. ഒരാള്‍ക്ക് നിര്‍ബന്ധമായ ഒരു മുദ്ധ് രണ്ടാള്‍ക്കോ ഒരു മുദ്ധും മറ്റൊരു മുദ്ധിന്റെ അല്‍പ്പവും കൂടി ഒരാള്‍ക്കോ കൊടുക്കല്‍ അനുവദനീയമല്ല. കാരണം ഓരോ മുദ്ധും പരിപൂര്‍ണ്ണമായ ഒരു ഫിദിയ (പരിഹാര ദാനം) ആണ്. പ്രസ്തുത മുദ്ധുകള്‍ നാട്ടിലെ ദരിദ്രര്‍, അഗതികള്‍ എന്നിവര്‍ക്ക് തന്നെ നല്‍കണമെന്നില്ല. മറുനാട്ടിലുള്ള ദരിദ്രരൊ അഗതികളൊ ആയവര്‍ക്ക് നല്‍കാവുന്നതാണ്. മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യല്‍ നിഷിദ്ധം എന്നത് സക്കാത്തിന്റെ പ്രത്യേകതയാണ്. കഫ്ഫാറത്തിലല്ല(തുഹ്ഫ : ശര്‍വാനി സഹിതം :വാ:3 പേ : 490). ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്ന് നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. സ്വശരീരത്തിന്റേയും കുഞ്ഞിന്റേയും കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മതി. കുഞ്ഞിനു മാത്രം ബുദ്ധിമുട്ടുണ്ടാക്കും എന്ന ഭയത്താല്‍ നോമ്പ് ഒഴിവാക്കിയാല്‍ ഖളാഇന് പുറമെ ഓരോ നോമ്പിനും ഓരോ മുദ്ധ് വീതം ഭക്ഷ്യവസ്തു കൊടുക്കണം. ഇരട്ടക്കുട്ടികളാണെങ്കിലും ശരി ഒരു മുദ്ധ് മതി. ഒരാള്‍ക്ക് നിര്‍ബന്ധമായി വരുന്ന എല്ലാ കഫ്ഫാറത്തും , ഫിദിയകളും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമില്ലാത്ത ദരിദ്രര്‍, അഗതികള്‍ എന്നിവര്‍ക്ക് തന്നെ നല്‍കണം. നോമ്പിന്റെ നിബന്ധനകള്‍ : നോമ്പിന് രണ്ട് ഫര്‍ളുകളുണ്ട്. ഒന്ന് നിയ്യത്ത്, രണ്ട് നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കല്‍. നിയ്യത്ത് എന്ന വാക്കിന് 'കരുതുക' എന്നാണ് അര്‍ത്ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലൊ. ?. മനസ്സില്‍ കരുതാതെ അശ്രദ്ധയോടെ നിയ്യത്തിന്റെ പദം നാവ് കൊണ്ട് ഉച്ചരിച്ചാലും ഫലമില്ല. നിയ്യത്ത് മനസ്സില്‍ കരുതല്‍ നിര്‍ബന്ധവും നാവ് കൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുമാണ്. റമദാനിലെ എല്ലാ രാത്രിയിലും നിയ്യത്ത് ചെയ്യണം.
റമദാനിലെ ആദ്യരാത്രിയില്‍ ഈ മാസം മുഴവനും ഞാന്‍ നോമ്പെടുക്കുന്നു എന്ന് നിയ്യത്ത് ചെയ്താല്‍ അത് സാധുവാകുകയില്ല. മഗ്‌രിബ് മുതല്‍ സുബഹി വരേയാണ് നിയ്യത്തിന്റെ സമയം. നോമ്പ് മുറിയുന്ന ഏത് കാര്യവും (മതം മാറല്‍ ഒഴികെ) നിയ്യത്തിന് ശേഷം രാത്രി നിയ്യത്ത് പുതുക്കേണ്ടതില്ല. നിയ്യത്ത് ഒഴിവാക്കിയാലും അന്നത്തെ പകലില്‍ നോമ്പുകാരനെ പോലെ നില്‍ക്കുകയും പിന്നീട് പ്രസ്തുത നോമ്പ് ഖളാഅ് വീട്ടുകയും വേണം.
മന:പ്പൂര്‍വ്വം നിയ്യത്ത് ഒഴിവാക്കി നോമ്പ് നഷ്ടപ്പെടുത്തിയാല്‍ വേഗം ഖളാഅ് വീട്ടണം. മറവി കാരണം നിയ്യത്ത് നഷ്ടപ്പെട്ടാല്‍ അടുത്ത റമദാന്‍ വരുന്നതിനു മുമ്പ് ഖളാഅ് വീട്ടിയാല്‍ മതി. ഹനഫി മദ്ഹബില്‍ റമദാനിലെ നോമ്പിന്റെ നിയ്യത്ത് ഉച്ചയുടെ മുമ്പ് ചെയ്താലും മതി. രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്ന ശാഫി മദ്ഹുകാരന്‍ ഹനഫി മദ്ഹബിനെ തഖ്‌ലീദ് (അനുകരണം) ചെയ്ത് നോമ്പനുഷ്ടിക്കാം. അതോടുകൂടി ഹനഫി മദ്ഹബിലെ നോമ്പിന്റെ നിയമങ്ങള്‍ അറിയുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."