പാരലല്‍ കോളജുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്‍ഡ് വിതരണം പാളി
ആനക്കര: പാരലല്‍ കോളജുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്‍ഡ് വിതരണം പാളി. പുതിയ വിദ്യാര്‍ഥികള്‍ ധനസഹായത്തിനായി അപേക്ഷിക്കേണ്ട സമയമായിട്ടും കഴിഞ്ഞ വര്‍ഷത്തെ കുടിശിക കൊടുത്തു തീര്‍ത്തിട്ടില്ല. മാര്‍ച്ചില്‍ കൊടുത്തു തീര്‍ക്കേണ്ട സ്‌റ്റൈപ്പന്‍ഡും, മറ്റ് ഗ്രാന്റുകളുമാണ് വിതരണം നടത്താതത്. അറുനൂറ്റിയെണ്‍പതോളം വിദ്യാര്‍ഥികളാണ് ജില്ലയില്‍ സ്‌റ്റൈപ്പന്റിനായി കാത്തിരിക്കുന്നത്. മൊത്തം 3360000 രൂപയിലധികം രൂപ കുടിശികയാണുള്ളത്. 7000 രൂപയാണ് ഒരു വിദ്യാര്‍ഥിക്ക് സ്‌റ്റൈപ്പന്റടക്കമുള്ള ആനുകൂല്യങ്ങളായി ഒരു വര്‍ഷത്തേക്ക് പട്ടികജാതി വികസന വകുപ്പ് നല്‍കുന്നത്. മാസം 630 രൂപ സ്‌റ്റൈപ്പന്‍ഡും, 1000 രൂപ ലംപ്‌സം ഗ്രാന്റുമടക്കമാണത്.
പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ട കുട്ടികള്‍ ഫീസിനും, മറ്റ് പഠനച്ചെലവിനായും ആശ്രയിക്കുന്നത് സര്‍ക്കാരിന്റെ ഇത്തരം ധനസഹായങ്ങളാണ്. സ്‌റ്റൈപ്പന്‍ഡ് വൈകുന്നത് വിദ്യാര്‍ഥികളെ വിഷമത്തിലാക്കുന്നുണ്ട്. പാരലല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഗ്രാന്റിന് അര്‍ഹരായവരുടെ പട്ടിക കോളജധികൃതര്‍ വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് തുക ചെക്ക് വഴിയാണ് നല്‍കിയിരുന്നത്. പുതിയ ചട്ടപ്രകാരം ഓരോരുത്തരുടെ അക്കൗണ്ടിലേക്കും കൈമാറ്റം ചെയ്യുകയാണ് രീതി. ഇതിന്റെ നടപടികള്‍ വൈകുന്നതാണ് വിതരണത്തിന് തടസ്സമായി നില്‍ക്കുന്നത്. ഓരോരുത്തരുടെയും അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള കാലതാമസവും തടസ്സമായെന്ന് അധികൃതര്‍ പറയുന്നു.
പട്ടികജാതി വികസന വകുപ്പ് ഓഫീസിലെ ജീവനക്കാരുടെ കുറവും പ്രശ്‌നമാണ്. നിലവിലുള്ള ഒരു ക്ലര്‍ക്കിന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. ഫീല്‍ഡ് ഓഫീസര്‍മാരെ വെച്ചാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."