ആദിവാസി കോളനികളില്‍ വീണ്ടും ബാലവിവാഹം
കോഴിക്കോട്: ആദിവാസികള്‍ക്കിടയില്‍ ബാല വിവാഹങ്ങള്‍ ഇടവേളക്കുശേഷം തിരിച്ചുവരുന്നു. നിയമവും ബോധവല്‍കരണവും ഒരുവശത്ത് നടക്കുമ്പോഴും ഇതൊന്നും ഇവരിലേക്ക് എത്തുന്നില്ല. നേരത്തേ വ്യാപകമായിരുന്ന ബാല വിവാഹങ്ങള്‍ ആദിവാസികള്‍ക്കിടയിലും കുറഞ്ഞിരുന്നു. എന്നാല്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ആദിവാസി കോളനികളിലാണ് വീണ്ടും പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ വിവാഹം വ്യാപകമാകുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു.
വയനാട് ജില്ലയിലെ ചില ആദിവാസി കോളനികളിലും കോഴിക്കോട് ജില്ലയിലെ ചില കോളനികളിലും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ഇവിടെങ്ങളില്‍ വിവാഹിതരാകുന്നത്. വരനും 18-20 ആണ് പ്രായം. രണ്ടു ജില്ലകളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാതികള്‍ ശിശുക്ഷേമസമിതിക്ക് ലഭിച്ചിട്ടുള്ളത്.
എന്നാല്‍ ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനടപടി സ്വീകരിച്ചാല്‍ ഇത്തരം പെണ്‍കുട്ടികളെക്കൊണ്ട് നിര്‍ഭയ ഹോമുകള്‍ നിറയുന്ന അവസ്ഥയുണ്ടാകും.
18 വയസുപോലും തികയാത്ത ആണ്‍കുട്ടികളും നിയമ നടപടി നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ എന്തു ചെയ്യുമെന്ന നിയമോപദേശവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ബാലവകാശ കമ്മിഷനോട് ആരാഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ നിയമനടപടി പരിഹാരമല്ലെന്നും ബോധവല്‍കരണമാണ് നടപ്പാക്കേണ്ടതെന്നുമായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് നല്‍കിയ നിയമോപദേശം.
താമരശ്ശേരി പാത്തിപ്പാറ കോളനിയില്‍ സമാനമായ കേസിലും, ലഹരിക്കെതിരായ ബോധവല്‍കരണത്തിലൂടെ കോളനിവാസികളെ മാറ്റിയെടുത്ത അനുഭവവും കമ്മിഷന്‍ അംഗം അഡ്വ.ശ്രീലാ മേനോന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വിവാഹങ്ങള്‍ നടക്കുന്ന ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണ പരിപാടിക്കൊരുങ്ങുകയാണ് ബാലാവകാശ കമ്മിഷന്‍. നിയമം അവര്‍ക്കുകൂടി ബാധകമാണെന്ന് അവരെ ബോധ്യപ്പെടുത്തും. മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും ആദിവാസി കോളനികളെ മുക്തമാക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍പോലെ ഘട്ടം ഘട്ടമായി കാര്യങ്ങള്‍ പറഞ്ഞ് ഇവരെ ബോധ്യപ്പെടുത്തുവാനാണ് ശ്രമിക്കുക.
പ്രദേശത്തെ സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരേയും സന്നദ്ധസംഘടനാ ഭാരവാഹികളേയും വിളിച്ചുകൂട്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു. ആദിവാസി കോളനികളെ കൂടുതല്‍ നിരീക്ഷിക്കും. എസ്.സി പ്രമോട്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."