നിസ്‌കാര ഹാളില്‍ ചുമരെഴുത്ത് നടത്തിയ സംഭവം: പൊലിസിന്റെ പ്രത്യേകസംഘം അന്വേഷിക്കും
കൊടുങ്ങല്ലൂര്‍: കിഴക്കേനടയിലുള്ള സലഫി സെന്ററിലെ നിസ്‌കാര ഹാളില്‍ അതിക്രമിച്ച് കയറി ചുമരെഴുത്ത് നടത്തിയ സംഭവം പൊലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കും.
നിരീക്ഷണ കാമറയില്‍ സംശയകരമായ സാഹചര്യത്തില്‍ പതിഞ്ഞിട്ടുള്ള യുവാവിനെ പൊലിസ് തിരഞ്ഞുവരുന്നു. നമസ്‌കാര ഹാളിലെ ചുമരിലാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മതവികാരം വ്രണപ്പെടുത്തും വിധം ജയ്ശ്രീരാം എന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
സലഫി സെന്ററിനോട് ചേര്‍ന്നുള്ള കടയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയില്‍ നിന്നാണ് നിസ്‌കാര ഹാളിലേക്ക് കയറുന്നയാളുടെ ചിത്രം പൊലിസിന് ലഭിച്ചിട്ടുള്ളത്.
ഇയാള്‍ രണ്ട് തവണ സലഫി സെന്ററിലേക്ക് പ്രവേശിക്കുന്നതും ഇറങ്ങിപ്പോകുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ചന്തപ്പുര ബസ് സ്റ്റാന്‍ഡ് വരെ നടന്നു പോകുന്നതിന്റെയും ദൃശ്യങ്ങളും മറ്റ് കടകളിലെ നിരീക്ഷണ കാമറകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍, എസ്.ഐ കെ.ജെ ജിനേഷ്, സൈബര്‍ സെല്‍ വിദഗ്ധന്‍ സുജിത്ത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഫ്രാന്‍സിസ്, സജയന്‍, സുനില്‍, ഒ.എഫ് ജോസഫ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ഇന്ന് രാവിലെ മേഖലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗം പൊലിസ് വിളിച്ചു ചേര്‍ത്ത് സ്ഥിഗതികള്‍ ധരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."