അതീവ ആശങ്കയില്‍ ഫ്‌ളാറ്റുടമകള്‍; വീണ്ടും സുപ്രിംകോടതിയിലേക്ക്
കൊച്ചി: മരട് നഗരസഭാ പരിധിയില്‍ തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതിയുടെ അന്ത്യശാസനത്തില്‍ അതീവ ആശങ്കയോടെ ഫ്‌ളാറ്റ് ഉടമകള്‍.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്ങ്, കായലോരം അപ്പാര്‍ട്‌മെന്റ്, ആല്‍ഫ വേഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ 20നകം പൊളിച്ചുനീക്കണമെന്നാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം.
നാനൂറിലധികം കുടുബങ്ങളാണ് ഇതോടെ കിടപ്പാടമില്ലാത്തവരായി മാറുക.
ബില്‍ഡര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നിയമ ലംഘനത്തില്‍ തങ്ങള്‍ ഇരകളായെന്ന നിലപാടിലാണ് അവര്‍.
ഈ സാഹചര്യത്തില്‍ ആശ്വാസംതേടി വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഫ്‌ളാറ്റ് ഉടമകള്‍.
കോടതിയുടെ അന്തിമ വിധിക്കുശേഷവും ആശ്വാസം തേടാന്‍ കഴിയുന്ന 'ക്യുറേറ്റീവ് പെറ്റീഷന്‍' മാര്‍ഗമാണ് ഉടമകള്‍ ആരായുന്നത്.
നേരത്തെ സുപ്രിം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മാത്രമല്ല, ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നല്ലാതെ, മറ്റൊരു ബെഞ്ചില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനുള്ള നീക്കം തിരിച്ചടിയാവുകയും ചെയ്തു.
മെയ് 8നകം കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിംകോടതി സ്വമേധയാ കേസ് എടുത്ത് ഇന്നലെ അന്ത്യശാസനം നല്‍കിയത്.
ജഡ്ജിയുടെ ചേംബറില്‍വച്ച് പരിഗണിക്കുന്ന ക്യൂറേറ്റീവ് പെറ്റീഷനിലും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ എന്തുചെയ്യുമെന്നറിയാതെ ആശങ്കയില്‍ കഴിയുകയാണ് ഫ്‌ളാറ്റ് ഉടമകള്‍.
മിക്കവരും ജീവിത സമ്പാദ്യം ചെലവഴിച്ചും വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ പണവുമൊക്കെ ചേര്‍ത്താണ് ഫ്‌ളാറ്റ് വാങ്ങിയത്.
നഷ്ടപരിഹാരത്തിനായി ബില്‍ഡര്‍മാരെ സമീപിക്കാമെന്നാണ് കോടതി നിര്‍ദേശമെങ്കിലും അത് എത്രത്തോളം ഫലം ചെയ്യുമെന്ന ആശങ്കയും ഉടമകള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."