ഇരിട്ടി ടൗണ്‍ കെ.എസ്.ടി.പി റോഡ് വികസനം: കൈയേറ്റം ഒഴിപ്പിക്കാന്‍ വീണ്ടും റവന്യു സര്‍വേ
ഇരിട്ടി: ഇരിട്ടി പാലം മുതല്‍ പയഞ്ചേരിമുക്ക് വരെയുള്ള ഇരിട്ടി ടൗണ്‍ കെ.എസ്.ടി.പി റോഡ് വികസനത്തിനായി കൈയേറ്റം കണ്ടെത്താന്‍ റവന്യു വകുപ്പ് വീണ്ടും സര്‍വേ നടത്തും. കൈയേറിയ ഭാഗങ്ങള്‍ റോഡ് വികസനത്തിനുവേണ്ടി സ്വമേധയാ പൊളിച്ചുനീക്കാമെന്ന് വ്യാപാരികള്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ചില വ്യാപാരികള്‍ ഇതിനെതിരേ കോടതിയെ സമീപിച്ചതോടെയാണ് വ്യക്തിഗത കൈയേറ്റം എത്രയാണെന്ന് കണ്ടെത്താന്‍ റവന്യു വകുപ്പ് വീണ്ടും സര്‍വേ നടത്തുന്നത്.
ചില വ്യാപാരികള്‍ സ്വമേധയാ പൊളിച്ചുനീക്കിയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. കെട്ടിട ഉടമകള്‍ക്ക് നോട്ടിസ് പോലും നല്‍കാതെയാണ് റവന്യു വകുപ്പ് കൈയേറ്റം ആരോപിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം. തുടര്‍ന്ന് നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കാമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വീണ്ടും സര്‍വേ നടത്തി കൈയേറ്റ ഭൂമി കണ്ടെത്താന്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചത്.
കൈയേറ്റം അളന്ന് തിട്ടപ്പെടുത്തിയ ശേഷം കെട്ടിട ഉടമകള്‍ക്ക് ഇതു സംബന്ധിച്ച് സ്‌കെച്ചും പ്ലാനും സഹിതം റവന്യു വകുപ്പ് നോട്ടിസ് നല്‍കാനാണ് തീരുമാനം. സര്‍വേയ്ക്കായി താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ തിങ്കളാഴ്ച മുതല്‍ നിയോഗിക്കും. നവംബര്‍ ആദ്യവാരം തന്നെ സര്‍വേ നടപടി ആരംഭിക്കും. റോഡ് വികസനം വൈകാതിരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കൈയേറ്റ ഭാഗങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും.
നേരത്തെ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം സംയുക്ത സര്‍വേ നടത്തി റോഡിനായി ഏറ്റെടുക്കേണ്ട ഭാഗം അളന്ന് അടയാളമിട്ടിരുന്നു. പൊളിച്ചുനീക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന് റവന്യു വിഭാഗം നടപടികള്‍ ശക്തമാക്കിയതോടെയാണ് ഒരു വിഭാഗം വ്യാപാരികളും കെട്ടിട ഉടമകളും കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."