നെയ്യാറ്റിന്‍കരയില്‍ മോഷണം വ്യാപകമാകുന്നു പൊലിസ് ഉറക്കത്തില്‍
നെയ്യാറ്റിന്‍കര: ഒരിടവേളയ്ക്ക് ശേഷം നെയ്യാറ്റിന്‍കരയില്‍ മോഷണം വീണ്ടും വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ നഗരമധ്യത്തില്‍ എട്ടോളം കടകളിലാണ് മോഷണം നടന്നത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും ആലുംമൂട് ജങ്ഷനും മധ്യത്തിലുളള കടകളുടെ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാവ് കടയ്ക്കുളളില്‍ പ്രവേശിച്ചത്.
നെയ്യാറ്റിന്‍കര സ്വദേശികളായ ഗിരീഷ്‌കുമാറിന്റെ ഉടമസ്ഥതയിലുളള ഗിരികൃഷ്ണ റസ്റ്റോറന്റ് , അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള ഗായത്രി ജുവലറി , തങ്കപ്പന്റെ ഉടമസ്ഥതയിലുളള ജി.ടി. ടെക്സ്റ്റയില്‍സ് , ജയകുമാറിന്റെ ഉടമസ്ഥതയിലുളള ഫോട്ടോ ഫ്രയിം , വിനോദിന്റെ ഡ്രീം കളക്ഷന്‍സ് , കൃഷ്ണനാശാരിയുടെ സ്വര്‍ണ പണിശാല , ഗോപാലകൃഷ്ണന്റെ പൂക്കട , അയ്യപ്പന്റെ ഇരുമ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ ഞായറാഴ്ചയായതിനാല്‍ പല കടകളും തുറക്കപ്പെട്ടില്ല. തുറക്കാത്ത കടകള്‍ തുറന്ന് നോക്കിയാല്‍ മാത്രമേ എത്ര കടകളില്‍ കൃത്യമായി മോഷണം നടന്നു എന്നു പറയാന്‍ കഴിയൂ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെയ്യാറ്റിന്‍കര നഗരമധ്യത്തിലെ നിരവധി കടകളില്‍ മോഷണം നടന്നുവരികയാണ്. ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്നും പുവാര്‍ പോകുന്ന റോഡിലും ആലുമൂട് ജങ്ഷനിലുളള അഞ്ച് കടകളിലും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു.
കൂടാതെ കഴിഞ്ഞദിവസം ആറാലുംമൂട് നിംസ് ആശുപത്രി ജങ്ഷനിലുളള ശശിധരന്‍നായരുടെ ഹോട്ടലിലും മോഷണം നടന്നിരുന്നു. ഇതില്‍ ശശിധരന്‍നായരുടെ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടും മോഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പൊലിസ് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്യാറ്റിന്‍കര പട്ടണത്തില്‍ മോഷണ പരമ്പര അരങ്ങേറിയിട്ടും പൊലിസ് നിഷ്‌ക്രിയമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ ആരോപിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ എസ്.എച്ച്.ഒ ഓഫിസ് , സി.ഐ ഓഫിസ് , ഡി.വൈ.എസ്.പി ഓഫിസ് എന്നിവ ഒരു കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിട്ടും പൊലിസിന്റെ ഭാഗത്തുനിന്നും വന്‍ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പകല്‍ സമയങ്ങളില്‍ പോലും റോഡുകളില്‍ വാഹന നിയന്ത്രണത്തിന് ഹോംഡാര്‍ഡുകളെ നിയോഗിച്ച് പൊലിസ് അധികൃതര്‍ സ്റ്റേഷനുകളില്‍ സമയം ചിലവഴിക്കുന്നതായും ആക്ഷേപമുയരുന്നു.
നെയ്യാറ്റിന്‍കര പൊലിസ് തികഞ്ഞ ഉത്തരവാദിത്വരാഹിത്യമാണ് കാട്ടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് അയണിട്ടോട്ടം കൃഷ്ണന്‍നായര്‍ പറഞ്ഞു. ചെറുകിട വ്യാപാരികളുടെ ചെറു നിക്ഷേപങ്ങള്‍ കൊള്ളയടിക്കപ്പെടുകയും പിന്നെ കേസിന്റെ നൂലാമാലകളില്‍ കുരുങ്ങി കട തുറക്കാന്‍ കഴിയാതാവുകയും ചെയ്യുമ്പോള്‍ പലരും വ്യാപാര സ്ഥാപനം പൂട്ടി പോകേണ്ട ഗതി കേടിലായിതീരുകയാണെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."